മൂന്ന് റഫേല്‍ ജെറ്റുകള്‍ കൂടി ബുധനാഴ്ച്ച ഇന്ത്യയിലെത്തും
- വൈകിട്ട് ഏഴ് മണിക്കാണ് ഗുജറാത്തില്‍ ജെറ്റുകള്‍ എത്തുക
- കഴിഞ്ഞ വര്‍ഷം ജൂലൈ 29നായിരുന്നു ആദ്യ ബാച്ച് റഫേല്‍ എത്തിയത്
- 36 ജെറ്റുകള്‍ക്കായി 59,000 കോടി രൂപയുടെ കരാറാണുള്ളത്
ന്യൂഡെല്‍ഹി: മൂന്ന് റഫേല്‍ ജെറ്റുകളുടെ പുതിയ ബാച്ച് ബുധനാഴ്ച്ച ഇന്ത്യയിലെത്തും. യുഎഇയാണ് ജെറ്റുകള്‍ക്ക് യാത്രാമധ്യേ ഇന്ധനം നല്‍കുക. ഫ്രാന്‍സിലെ മെറിഗ്നാക് എയര്‍ബേസില്‍ നിന്ന് രാവിലെ 7 മണിക്കാണ് ജെറ്റ് പുറപ്പെടുക. ഗുജറാത്തില്‍ വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ റഫേല്‍ യുദ്ധ വിമാനങ്ങള്‍ പറന്നെത്തും. ഡെസോ ഏവിയേഷനാണ് റഫേല്‍ ജെറ്റുകള്‍ ഇന്ത്യക്ക് നല്‍കുന്നത്.
യുഎഇയുടെ എയര്‍ബസ് 330 മള്‍ട്ടി റോള്‍ ട്രാന്‍സ്പോര്‍ട്ട് ടാങ്കറുകളാണ് ജെറ്റുകള്‍ക്ക് യാത്രാ മധ്യേ ഇന്ധനം നല്‍കുക. ഗുജറാത്തില്‍ ലാന്‍ഡ് ചെയ്ത ശേഷം ജെറ്റുകള്‍ നേരെ അംബാലയിലേക്ക് പറക്കും, അവിടെ ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രണോടൊപ്പം ചേരും. ഇതിനോടകം തന്നെ 11 റഫേല്‍ ജെറ്റുകള്‍ ക്വാഡ്രണിന്‍റെ ഭാഗമാണ്. പുതിയ ജെറ്റുകള്‍ കൂടി എത്തുന്നതോടെ യുദ്ധവിമാനങ്ങളുടെ എണ്ണം 14 ആകും.
പോയ വര്‍ഷം ജൂലൈ 29നാണ് റഫേല്‍ എയര്‍ക്രാഫ്റ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. 36 ജെറ്റുകള്‍ക്കായി 59,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് നാല് വര്‍ഷത്തിന് ശേഷമായിരുന്നു ആദ്യ ബാച്ച് രാജ്യത്ത് എത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ അംബാല ബേസില്‍ 2020 സെപ്റ്റംബര്‍ 10നായിരുന്നു ഔദ്യോഗികമായി യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായത്.