ആപ്പിളിനോട് കൊമ്പ് കോര്‍ത്ത് ഷഓമി
1 min read- പ്രീമിയം ഫോണ്‍ വിപണിയിലേക്ക് ഷഓമി
- വാവെയ് കരമ്പട്ടികയിലായതോടെ ആ ഇടം പിടിക്കാന്‍ മറ്റൊരു ചൈനീസ് ഭീമന്‍
- അന്താരാഷ്ട്ര വിപണികളില്‍ ഷഓമി പ്രീമിയം ഫോണുകള്‍ വ്യാപകമാകും
ബെയ്ജിംഗ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ അതികായനാണ് യുഎസ് കേന്ദ്രമാക്കിയ ടെക് ഭീമന്‍ ആപ്പിള്‍. അമേരിക്കന്‍ കമ്പനിയോട് കൊമ്പ് കോര്‍ത്ത് വരികയായിരുന്നു ചൈനയുടെ പ്രിയ ബ്രാന്‍ഡായ വാവെയ്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാവെയെ അമേരിക്ക വരിഞ്ഞുകെട്ടി. അതോടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിനും സാംസംഗിനും വെല്ലുവിളി ഉയര്‍ത്തിയിരുന്ന വാവെയ് ഔട്ട് ആയി.
വാവെയ് തീര്‍ത്ത ശൂന്യത തങ്ങള്‍ നികത്തുമെന്ന ഉറച്ച പ്രഖ്യാപനവുമായി എത്തുകയാണ് ചൈനീസ് ബ്രാന്‍ഡ് തന്നെയായ ഷഓമി. ബജറ്റ് സ്മാര്‍ട്ട്ഫോണുകളിലൂടെ ഇന്ത്യ ഉള്‍പ്പടെയുള്ള വലിയ വിപണികളില്‍ നിറസാന്നിധ്യമായ ഷഓമി പ്രീമിയം ഫോണ്‍ വിപണിയിലേക്കും കടന്നിരിക്കുന്നു.
വാവെയ്ക്ക് തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇത് മുന്നില്‍ കണ്ടാണ് കഴിഞ്ഞ ദിവസം പുതിയ മോഡലുകള്‍ ഷഓമി പുറത്തിറക്കിയത്. എംഐ 11 ലൈറ്റ്, എംഐ 11 ലൈറ്റ് 5ജി, എംഐ 11 പ്രോ, എംഐ 11 അള്‍ട്ര എന്നീ മോഡലുകളാണ് ഷഓമി പുതുതായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ എംഐ 11 അള്‍ട്രാ അന്താരാഷ്ട്ര വിപണികളെ ഉന്നമിടുന്ന പ്രീമിയം പ്രൊഡക്റ്റാണ്. 914-1066 ഡോളറാണ് ഫോണിന്‍റെ വില. പ്രീമിയം വിപണിയില്‍ ആപ്പിളിനും സാംസംഗിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് പുതിയ മോഡലിലൂടെ ഷഓമി.
കഴിഞ്ഞ വര്‍ഷം ആദ്യം മുതലേ തന്നെ ഞങ്ങള്‍ ഹൈ റേഞ്ച് വിപണിയിലേക്ക് പ്രവേശിച്ചുതുടങ്ങിയിരുന്നു. അവിടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്-ഷഓമി സിഇഒ ലീ ജന്‍ പറഞ്ഞു. മൂന്ന് സെന്‍സറുകളുള്ള മോഡലാണ് എംഐ 11 അള്‍ട്ര.
2019ലാണ് വാവെയ് യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടത്. അതോടെ വാവെയുമായുള്ള ബന്ധം ഗൂഗിളിന് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തങ്ങളുടെ ഡിവൈസുകളില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ലഭ്യമാക്കാന്‍ വാവെയ്ക്ക് സാധിക്കാതെ വന്നു. ചൈനയ്ക്കകത്ത് അത് പ്രശ്നമായില്ലെങ്കിലും ചൈനയ്ക്ക് പുറത്തുള്ള യുഎസ് ഉപഭോക്താക്കള്‍ക്ക് അത് വലിയ വിഷയമായി മാറി.
സ്മാര്‍ട്ട്ഫോണുകള്‍ക്ക് വേണ്ട ചിപ്പുകള്‍ പോലും വാവെയ്ക്ക് ലഭിക്കാത്ത അവസ്ഥ സംജാതമായി. വാവെയ് കമ്പനിയെ രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന ഭീഷണിയായാണ് യുഎസ് വിലയിരുത്തിയിരിക്കുന്നത്. ഷഓമിക്കെതിരെയും പ്രസിഡന്‍റായിരിക്കെ ട്രംപ് നിലപാടെടുത്തിരുന്നു. കമ്യൂണിസ്റ്റ് ചൈനീസ് മിലിറ്ററി കമ്പനികളുടെ ഗണത്തിലായിരുന്നു ഇവരെയും കൂട്ടിയത്. എന്നാല്‍ പിന്നീടത് മാറി. തങ്ങളുടെ ഉടമസ്ഥാവകാശമോ, നിയന്ത്രണമോ, അഫിലിയേഷനോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്ന കമ്പനിയുടെ പ്രത്യേക വിശദീകരണം തന്നെ അവര്‍ക്ക് പുറത്തിറക്കേണ്ടി വന്നു.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ ഷഓമിക്കും ഒപ്പോയ്ക്കും വിവോക്കുമെല്ലാം നാലാം പാദത്തില്‍ ഇരട്ടയക്ക വളര്‍ച്ച ആയിരുന്നു. വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ ഷഓമി ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനിയാണ്.