ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ യമഹ ഫാസിനോ 125
യമഹയുടെ ആദ്യ ഇലക്ട്രിക് പവര്‍ അസിസ്റ്റ് ഇരുചക്ര വാഹനമാണ് ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ്. ഇന്ത്യന്‍ വിപണിയില്‍ ഇത്തരമൊരു ഇരുചക്ര വാഹനം ഇതാദ്യമാണ്
കൊച്ചി: ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച യമഹ ഫാസിനോ 125 അനാവരണം ചെയ്തു. യമഹയുടെ ആദ്യ ഇലക്ട്രിക് പവര്‍ അസിസ്റ്റ് ഇരുചക്ര വാഹനമാണ് ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ്. ഇന്ത്യന്‍ വിപണിയില്‍ ഇത്തരമൊരു ഇരുചക്ര വാഹനം ഇതാദ്യമാണ്. ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് വകഭേദങ്ങളില്‍ ലഭിക്കും.
സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) സിസ്റ്റമാണ് ഹൈബ്രിഡ് സംവിധാനമായി മാറുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറായി പ്രവര്‍ത്തിക്കും. ഇതേ സാങ്കേതികവിദ്യ യമഹ റേ സെഡ്ആര്‍ 125 എഫ്‌ഐ സ്‌കൂട്ടറിലും നല്‍കുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മോട്ടോഫുമി ഷിതാര പറഞ്ഞു.
5,000 ആര്‍പിഎമ്മില്‍ 10.3 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നതാണ് യമഹ ഫാസിനോ 125 ഹൈബ്രിഡ്. യമഹ കണക്റ്റ് എക്‌സ് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി സാധ്യമാണ്. ആന്‍സര്‍ ബാക്ക്, ലൊക്കേറ്റ് മൈ വെഹിക്കിള്‍, റൈഡിംഗ് ഹിസ്റ്ററി, പാര്‍ക്കിംഗ് റെക്കോര്‍ഡ്, ഹസാര്‍ഡ് അലര്‍ട്ടുകള്‍ എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നതാണ് ആപ്പ്.
എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ലഭിച്ചതാണ് യമഹ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേര്‍ഷന്‍. എപ്പോഴാണ് ഹൈബ്രിഡ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് എന്ന് കാണിക്കുന്നതാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം (യുബിഎസ്) സഹിതം മുന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്ക് നല്‍കി.