തദ്ദേശറോഡ് പുനഃരുദ്ധാരണ പദ്ധതിയില്‍ 1212 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു
1 min readതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനഃരുദ്ധാരണ പദ്ധതിയില്‍ 1212 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. 2018, 2019 ലെ പ്രളയത്തിലും, വെള്ളപ്പൊക്കത്തിലും മഴയിലും, തകര്‍ന്ന തദ്ദേശറോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് തദ്ദേശറോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഒരു സംസ്ഥാന തല പദ്ധതി ആവിഷ്ക്കരിച്ചത്.
2020 ജനുവരിയിലായാരുന്നു 1000 കോടി രൂപ അനുവദിച്ചുകൊണ്ട് പദ്ധതി പ്രഖ്യാപിച്ചത്. വിവിധ ഘട്ടങ്ങളിലായി 5310 പ്രവൃത്തികളാണ് അനുവദിച്ചത്. എംഎല്‍എമാര്‍, തദ്ദേശസ്ഥാപനങ്ങള്‍, എല്‍എസ്ജിഡി എന്‍ജിനീയറിംഗ് വിഭാഗം എന്നിവരുടെ ശുപാര്‍ശപ്രകാരമാണ് പ്രവൃത്തികള്‍ തിരഞ്ഞെടുത്തത്. 4087 പ്രവൃത്തികള്‍ (77%) ആരംഭിച്ചതില്‍ നാളിതുവരെ 1212 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രാദേശിക മോണിട്ടറിംഗ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ഒരു ഓണ്‍ലൈന്‍ മോണിട്ടറിംഗ് സംവിധാനം ഐ.കെ.എം. വികസിപ്പിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി, രണ്ട് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട നിബന്ധനകള്‍, നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം, ടാറിന്‍റെ വിലവര്‍ദ്ധനവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 22.8% പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ആയി. അടുത്ത 6 മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി 100% പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.