Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാഹന നിര്‍മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നു

1 min read

മുമ്പെന്നത്തേക്കാള്‍ കൂടുതല്‍ അര്‍ധചാലകങ്ങളാണ് ഇപ്പോള്‍ വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത്

അര്‍ധചാലകങ്ങളുടെ (സെമികണ്ടക്ടര്‍) ദൗര്‍ലഭ്യത്തെ തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നു. നിസാന്‍, ഫോക്‌സ്‌വാഗണ്‍, ഫിയറ്റ് ക്രൈസ്‌ലര്‍, ടൊയോട്ട, ഫോഡ് തുടങ്ങിയ കമ്പനികളാണ് കാറുല്‍പ്പാദനത്തില്‍ കുറവ് വരുത്തിയത്. ഇതിനാല്‍ ചില വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ കാലതാമസം നേരിടുകയാണ്.

ആഗോളതലത്തില്‍ വാഹനങ്ങളുടെ പാര്‍ട്‌സ് സംബന്ധിച്ച അര്‍ധചാലകങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇതേതുടര്‍ന്ന് വാഹന നിര്‍മാതാക്കള്‍ ഉല്‍പ്പാദനം നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്തു. കൊവിഡ്-19 പടര്‍ന്നതോടെ കമ്പനികള്‍ തങ്ങളുടെ ഫാക്റ്ററികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഉല്‍പ്പാദനം തുടങ്ങിയപ്പോഴാണ് പുതിയ പ്രതിസന്ധി.

കെന്റക്കിയിലെ പ്ലാന്റ് ഒരാഴ്ച്ചത്തേക്ക് അടച്ചിടാനാണ് ഫോഡ് തീരുമാനിച്ചിരിക്കുന്നത്. ജപ്പാനിലെ ഒരു പ്ലാന്റില്‍ ഉല്‍പ്പാദനം കുറയ്ക്കുമെന്ന് നിസാന്‍ അറിയിച്ചു. ഫോക്‌സ്‌വാഗണ്‍, ഫിയറ്റ് ക്രൈസ്‌ലര്‍, ടൊയോട്ട എന്നീ കാര്‍ നിര്‍മാതാക്കളും സെമികണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ തടസ്സം നേരിടുകയാണ്. കാനഡയിലെയും മെക്‌സിക്കോയിലെയും ഫാക്റ്ററികള്‍ താല്‍ക്കാലികമായി അടയ്ക്കുകയാണ് ഫിയറ്റ് ക്രൈസ്‌ലര്‍.

മുമ്പെന്നത്തേക്കാള്‍ കൂടുതല്‍ അര്‍ധചാലകങ്ങളാണ് ഇപ്പോള്‍ വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത്. പുതിയ മോഡലുകളില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍, നാവിഗേഷന്‍, ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ എന്നിവ നല്‍കുന്നതാണ് കാരണം. 2025 ഓടെ ആഗോള അര്‍ധചാലക വിപണിയുടെ മൂല്യം 129 ബില്യണ്‍ യുഎസ് ഡോളറായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019 നേക്കാള്‍ ഏകദേശം മൂന്നുമടങ്ങ് വര്‍ധന.

Maintained By : Studio3