രാജ്യത്തിന് പുറത്തേക്കുള്ള പണമയക്കലിന് ഫീസ് ഏർപ്പെടുത്തണമെന്ന് കുവൈറ്റ് എംപിമാർ
കുവൈറ്റ്: രാജ്യത്തിന് പുറത്തേക്കുള്ള പണമയക്കലിന് 2.5 ശതമാനം ഫീസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കരട് നിയമം കുവൈറ്റ് പാർലമെന്റിന് സമർപ്പിച്ചു. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക, രാജ്യത്തിന് പുറത്തേക്കുള്ള പണമൊഴുക്ക് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള കരട് അഞ്ച് കുവൈറ്റ് എംപിമാർ ചേർന്നാണ് സമർപ്പിച്ചിരിക്കുന്നതെന്ന് കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി ഏകദേശം 21 ബില്യൺ കുവൈറ്റ് ദിനാറാണ് രാജ്യത്തിന് പുറത്തേക്ക് ഒഴുകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത് ശരാശരി 4,2 ബില്യൺ ദിനാർ വീതം ഓരോ വർഷവും കുവൈറ്റിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്നുണ്ട്. ഈ കണക്കുകൾ പ്രകാരം പണമയക്കലിന് ഫീസ് ഏർപ്പെടുത്തിയാൽ പ്രതിവർഷം 100 മില്യൺ കുവൈറ്റ് ദിനാർ ഉണ്ടാക്കാമെന്നാണ് എംപിമാർ പറയുന്നത്.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന് നേരത്തെയും കുവൈറ്റ് ജന പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹവാല ഇടപാടുകൾക്ക് കാരണമാകുമെന്ന് പറഞ്ഞ് അത്തരം ആവശ്യങ്ങളെല്ലാം കുവൈറ്റ് സർക്കാരും സെൻട്രൽ ബാങ്കും ചേർന്ന് തള്ളുകയായിരുന്നു.