ബൈഡന്റെ സ്ഥാനാരോഹണം; റഷ്യക്ക് ക്ഷണം
വാഷിംഗ്ടണ്‍: ഈ മാസം 20 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാടചങ്ങില്‍ പങ്കെടുക്കാന്‍ യുഎസ് ക്ഷണിച്ചതായി വാഷിംഗ്ടണ്‍ ഡി സിയിലെ റഷ്യന്‍ എംബസി അറിയിച്ചു. ചടങ്ങില്‍ അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ അനറ്റോലി അന്റോനോവ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ചടങ്ങില്‍ അംബാസഡര്‍ അന്റോനോവിന് പങ്കെടുക്കാമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചതിനുശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ച് സന്ദേശം അയക്കുകയും ചെയ്തിരുന്നു. ബൈഡന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടശേഷവും സഭയുടെ അംഗീകാരത്തിനായി റഷ്യ കാത്തിരിക്കുകയായിരുന്നു.