നേരത്തേ ഉറക്കമെഴുന്നേറ്റാല്‍ പ്രമേഹ, ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കാം
കാലത്തെഴുന്നേല്‍ക്കുന്നത് അമിത വണ്ണമുള്ളവരില്‍ പോലും പ്രമേഹവും ഹൃദ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം.
നിങ്ങളുടെ ബോഡി ക്ലോക്ക് എങ്ങനെയാണ്, മോര്‍ണിംഗ് ക്രോണോടൈപ്പോ (കാലത്ത് എഴുേേന്നല്‍ക്കുന്നവര്‍), ഈവിനിംഗ് ക്രോണോടൈപ്പോ (വൈകി എഴുന്നേല്‍ക്കുന്നവര്‍). ഉണര്‍ന്നിരിക്കുന്ന സമയം നമ്മുടെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഒരു പഠനം പറയുന്നത്. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ കോണ്‍ഗ്രസ് ഈ വര്‍ഷം അവതരിപ്പിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടാണ് ആരോഗ്യവും ഉണര്‍ന്നിരിക്കുന്ന സമയവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം, ഈവിനിംഗ് ക്രോണോടൈപ്പ് ആയുള്ള അമിതവണ്ണമുള്ളവര്‍ക്ക് രാവിലെ എഴുന്നേറ്റ് ദിനചര്യകളെല്ലാം നേരത്തെ പൂര്‍ത്തിയാക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹവും കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസും (സിവിഡി) ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇറ്റലിയിലെ നേപ്പിള്‍സിലുള്ള ഫെഡറികോ രണ്ടാമന്‍ സര്‍വ്വകലാശാലയിലെ എന്‍ഡോക്രൈനോളജി അസിസ്റ്റന്റ് പ്രഫസറായ ഡോ.ജിയോവന്ന മസ്‌കോഗിയുറിയും സഹപ്രവര്‍ത്തകരുമാണ് ഈ പഠനം അവതരിപ്പിച്ചത്. അമിതവണ്ണമുള്ളവരെ മോണിംഗ് ക്രോണോടൈപ്പ് (എംസി), ഈവിനിംഗ് ക്രോണോടൈപ്പ് (ഇസി), ഇന്റെര്‍മീഡിയേറ്റ് ക്രോണോടൈപ്പ് (ഐസി) എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് ജിയോവന്നയും സംഘവും പഠനം നടത്തിയത്.
പഠനലക്ഷ്യം
ഉറക്കപ്രശ്‌നങ്ങള്‍ക്കും മറ്റ് ആരോഗ്യ സവിശേഷതകള്‍ക്കും പുറമേ, ഇസി പൊണ്ണത്തടിയുള്ളവരില്‍ ടൈപ്പ് 2 പ്രമേഹവും സിവിഡിയും ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. വൈകിയെഴുന്നേറ്റ് ദിവസത്തിന്റെ വൈകിയ വേളകളില്‍ ആക്ടീവ് ആയിരിക്കുന്ന ഈ വിഭാഗക്കാരുടെ ബോഡി ക്ലോക്കില്‍ ( സിക്കാര്‍ഡിയന്‍ റിതം) പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇസി വിഭാഗക്കാരില്‍് ഉറക്കപ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്.
ഹൈപ്പോതലാമസ്, പിറ്റിയൂറ്ററി, ആഡ്രീനല്‍ ആക്‌സിസിന്റെ അമിത പ്രവര്‍ത്തനം മൂലം ബോഡി ക്ലോക്കിലുണ്ടാകുന്ന ഈ താളപ്രശ്‌നം ശാരീരിക ഉപാപചയത്തെ സാരമായി ബാധിക്കാം. മാനസിക സമ്മര്‍ദ്ദം, ദഹനം, പ്രതിരോധ സംവിധാനം എന്നിവയടക്കം നമ്മുടെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളോടുമുള്ള പ്രതികരണത്തെ നിയന്ത്രിക്കുന്ന പരസ്പര ബന്ധിതമായ ശരീര സംവിധാനങ്ങളുടെ കൂട്ടമാണ് ഹൈപ്പോതലാമസ്, പിറ്റിയൂറ്ററി, അഡ്രീനല്‍ ആക്‌സിസ്.
നിഗമനം
ഈവനിംഗ് ക്രോണോടൈപ്പ് ആയിട്ടുള്ള ആളുകള്‍ക്ക് ഉറക്കപ്രശ്‌നങ്ങള്‍ക്ക് പുറമേ കാര്‍ഡിയോമെറ്റബോളിക് അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്നായിരുന്നു ഗവേഷകരുടെ അന്തിമ നിഗമനം. അതിനാല്‍ പൊണ്ണത്തടി പോലുള്ള അസുഖങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ക്രോണോടൈപ്പ് കൂടി കണക്കിലെടുക്കണമെന്നും അവര്‍ ശുപാര്‍ശ ചെയ്യുന്നു. പൊണ്ണത്തടിയുള്ള ആളുകളുടെ ബോഡി ക്ലോക്ക് അല്ലെങ്കില്‍ സിക്കാഡിയന്‍ റിതം അനുസരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നത് മെറ്റബോളിക് അസുഖങ്ങളായ ടൈപ്പ് 2 ഡയബറ്റിസ്, കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും.
ലളിതമായി പറഞ്ഞാല്‍ പൊണ്ണത്തടി ഉണ്ടെങ്കില്‍ പോലും നേരത്തെ എഴുന്നേറ്റും രാത്രി ഏറെ വൈകാതെ ഉറങ്ങിയും ശീലിക്കുന്നതിലൂടെ പ്രമേഹവും ഹൃദ്രോഗങ്ങളും വരാതെ സൂക്ഷിക്കാന്‍ കഴിയും. പൊണ്ണത്തടി ഈ രണ്ട് അസുഖങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. എന്നിരുന്നാലും അതിനൊപ്പം രാത്രി ഉണര്‍ന്നിരുക്കുന്ന ശീലം കൂടി ഉണ്ടെങ്കില്‍ അപകടസാധ്യത കൂടും.
ബോഡി ക്ലോക്ക് എങ്ങനെ റിസെറ്റ് ചെയ്യാം?
ബോഡി ക്ലോക്കില്‍ മാറ്റം വരുത്തി ദൈനംദിന പ്രവൃത്തികള്‍ പകല്‍ തന്നെ ചെയ്യുന്നത് പൊണ്ണത്തടി മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കും. പക്ഷേ വൈകിയുണര്‍ന്ന് ശീലമുള്ളവരാണ് നമ്മളില്‍ പലരും. രാത്രി നേരത്തെ ഉറങ്ങാനും കാലത്ത് തന്നെ എഴുന്നേല്‍ക്കാനും ശരീരത്തെ പഠിപ്പിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ദിവസം മുഴുവന്‍ സൂര്യന്റെ സ്ഥാനത്തെ കുറിച്ച് ധാരണ ഉണ്ടായിരിക്കുക. ‘സിക്കാഡിയന്‍ റിതം’ എന്ന വാക്ക് തന്നെ സൂര്യനുമായി ബന്ധമുള്ളതാണ്. സൂര്യന്റെ ഉദയത്തിനനുസരിച്ച് ശരീരത്തെ ക്രമപ്പെടുത്തുകയാണ് ആ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറിനിടെ സംഭവിക്കുന്ന ശാരീരിക, മാനസിക, സ്വഭാവ മാറ്റങ്ങളാണ് സിക്കാഡിയന്‍ റിതം. പ്രധാനമായും ഇരുട്ടിനെയും വെളിച്ചത്തെയും ആസ്പദമാക്കിയാണ് ഈ സ്വാഭാവിക പ്രക്രിയകള്‍ നടക്കുന്നത്. മസ്തിഷ്‌കത്തിന്റെ മധ്യഭാഗത്തായുള്ള ഒരു ചെറിയ മേഖലയാണ് ഈ പ്രക്രിയകളെ നിയന്ത്രിക്കുന്നത്.
‘പുറത്ത് വെളിച്ചമായതിനാല്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു’ എന്ന പറയുന്ന തരത്തിലാണ് നമ്മുടെ ശരീരത്തെ ജീവശാസ്ത്രപരമായി പ്രോഗ്രാം ചെയ്ത് വെച്ചിരിക്കുന്നത്. സൂര്യപ്രകാശത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ശരീര ഘടികാരത്തിന്റെ പ്രവര്‍ത്തനം. പക്ഷേ വാതിലുകളെല്ലാം കൊട്ടിയടച്ച് സൂര്യനെ പുറത്താക്കി ഫ്‌ളൂറസെന്റ് ലൈറ്റുകളും സ്‌ക്രീന്‍ ലൈറ്റുകളും നിറഞ്ഞ ഓഫീസ് കാബിനുകളില്‍ സ്വയം പ്രതിഷ്ഠിക്കുമ്പോള്‍ നമ്മുടെ ബോഡി ക്ലോക്ക് ആശയക്കുഴപ്പത്തിലാക്കുന്നു. അതിനാല്‍ ഓഫീസിലാണെങ്കിലും നിങ്ങളുടെ മേശ ജനലിനോട് ചേര്‍ത്തിടുക. പുറത്തുള്ള സൂര്യപ്രകാശം നമുക്ക് അനുഭവവേദ്യമാകണം. വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കില്‍, ഇടയ്ക്ക് പുറത്തിറങ്ങി നടക്കുക. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് പുറത്തിറങ്ങാം. രാത്രിയായതിന് ശേഷം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.