ഗർഭിണികളുടെ ക്ഷേമത്തെ കുറിച്ചുള്ള പുതിയ കോഴ്സുമായി ലഖ്നൌ സർവ്വകലാശാല
ലഖ്നൌ: ഗർഭിണികളായ സ്ത്രീകളുടെ ക്ഷേമം ചർച്ച ചെയ്യുന്ന ‘ഗർഭ് സൻസ്കാർ’ എന്ന പുതിയ ഡിപ്ലോമ കോഴ്സ് ലഖ്നൌ സർവ്വകലാശാലയിൽ ആരംഭിച്ചു. ഗർഭിണികളുടെ ഭക്ഷണം, വസ്ത്രധാരണം, പെരുമാറ്റ രീതികൾ അടക്കമുള്ള വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാമൂഹിക ചുറ്റുപാടിൽ ഇത്തരമൊരു കോഴ്സിന്റെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടാണ് ഗർഭ് സൻസ്കാർ കോഴ്സിന്റെ ആദ്യ ക്ലാസ് ആരംഭിച്ചത്. ക്വീൻമേരി ആശുപത്രിയിലെ ഡോ.അമിത പാണ്ഡെ, ആധ്യാത്മിക കൌൺസിലറായ ശിവാനി മിശ്ര തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പൌരാണിക വേദ ഗ്രന്ഥങ്ങൾ പ്രകാരം മനുഷ്യജീവിതത്തിന്റെ ഭാഗമായ ആദ്യത്തെ പതിനാറ് മൂല്യങ്ങളിലൊന്നാണ് (സൻസ്കാർ) ഗർഭ് സൻസ്കാറെന്ന് കോഴ്സ് കോഡിനേറ്ററായ ഡോ. അർച്ചന ശുക്ല പറഞ്ഞു.
പതിനാറോളം മൂല്യങ്ങളാണ് കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. കുടുംബാസൂത്രണം, പോഷക മൂല്യങ്ങൾ തുടങ്ങിയവ പ്രധാന വിഷയങ്ങളാകും. ഗർഭിണികൾക്ക് ആവശ്യമായ ഭക്ഷണം,അവരുടെ വസ്ത്രധാരണം, ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയും കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കും. ബിരുദാനന്തര ബിരുദധാരികൾ, ഗവേഷണ വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ഐവിഎഫ് സെന്ററുകളിലെ കോർഡിനേറ്റർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ വരെ കോഴ്സിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന് അഞ്ച് തിയറി പേപ്പറുകളും ഒരു ഇന്റേൺഷിപ്പുമാണ് ഉള്ളത്. വനിത, ശിശുക്ഷേമ പദ്ധതികൾക്ക് ഗുണം ചെയ്യുന്നതായിരിക്കും ഈ കോഴ്സെന്നാണ് പൊതുവെയുള്ള അനുമാനം.