അതിര്‍ത്തികളില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നു: സേനാമേധാവി
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന്് കരസേനാമേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ പറഞ്ഞു. ചൈനക്കെതിരെയും പാക്കിസ്ഥാനെതിരെയും തുറന്നടിച്ച ആര്‍മി ചീഫ് ഏതുവെല്ലുവിളികളെയും നേരിടാന്‍ സേന തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ഭീകരതയെ ദേശീയനയമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. സായുധസേന ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും ഇത് സംബന്ധിച്ച് വ്യക്തമായ സന്ദേശം അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനാദിനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നരവനെ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞവര്‍ഷം കരസേന നിരവധിവെല്ലുവിളികളെയാണ് നേരിട്ടത്.”ആദ്യത്തേതും ഏറ്റവും വലിയതുമായ വെല്ലുവിളി കോവിഡായിരുന്നു, അടുത്തത് വടക്കന്‍ അതിര്‍ത്തിയിലെ അവസ്ഥയായിരുന്നു,” അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ മാത്രമല്ല, ചൈനയുമായുള്ള വടക്കന്‍ അതിര്‍ത്തിയിലും ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ഇരുവശത്തും എട്ട് റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ‘ചര്‍ച്ചകള്‍ ഒരു തുടര്‍ പ്രക്രിയയാണ്. അവയിലൂടെ നമ്മുടെ താല്‍പ്പര്യത്തിന് സ്വീകാര്യവും ദോഷകരമല്ലാത്തതുമായ ഒരു പരിഹാരത്തിലെത്താമെന്ന് നാം ഉറപ്പാക്കും, അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ ഒന്നിലധികം ഭീഷണികളെക്കുറിച്ച് ജനറല്‍ നരവനെ പറഞ്ഞു, ”പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഭീഷണി സൃഷ്ടിക്കുന്നുവെന്നതില്‍ സംശയമില്ല, ഒപ്പം അവരുടെ കൂട്ടായ്മയുടെ ഒരു വശവുമുണ്ട്. അതനുസരിച്ചുള്ള പദ്ധതികളാണ് ഇന്ത്യ തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കനതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം തുടര്‍ന്നാല്‍ ഇന്ത്യ അതേ രീതിയില്‍ പ്രതികരിക്കുമെന്നും കരസേനാമേധാവി പറഞ്ഞു.