സ്മാര്‍ട്ട് കാര്‍ നിര്‍മിക്കാന്‍ ഷവോമി
സ്വന്തം നാടായ ചൈനയിലും ഇന്ത്യ പോലുള്ള വിപണികളിലും സ്മാര്‍ട്ട് കാര്‍ അവതരിപ്പിച്ചേക്കും
ബെയ്ജിംഗ്: ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമി കോര്‍പ്പറേഷന്‍ സ്വന്തമായി സ്മാര്‍ട്ട് കാര്‍ നിര്‍മിക്കുന്നു. സ്മാര്‍ട്ട് കാര്‍ വികസിപ്പിക്കുന്നതിന്റെ പ്രാഥമിക ഘട്ടത്തിലാണ് ഷവോമിയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം നാടായ ചൈനയിലും ഷവോമി ബ്രാന്‍ഡ് വളരെ ശക്തമായ ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളിലും സ്മാര്‍ട്ട് കാര്‍ അവതരിപ്പിച്ചേക്കും.
ചൈനയിലെ സ്റ്റീവ് ജോബ്‌സ് എന്നാണ് ഷവോമി സ്ഥാപകനും ശതകോടീശ്വരനുമായ ലെയ് ജാന്‍ അറിയപ്പെടുന്നത്. ടെസ്‌ല സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്‌ക്കുമായി 2013 ല്‍ ലെയ് ജാന്‍ രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചകളുടെ തുടര്‍ച്ച അറിയാന്‍ ഇപ്പോഴും ലോകത്തിന് താല്‍പ്പര്യമുണ്ട്. നിലവില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഷവോമി, ഉല്‍പ്പന്ന നിരയില്‍ ഇനിയും വൈവിധ്യം കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടെലിവിഷനുകള്‍ക്കുമാണ് ഷവോമി പ്രശസ്തി നേടിയതെങ്കിലും ലോകത്തെ ഏറ്റവും വലിയ ഐഒടി, വെയറബിള്‍ കമ്പനികളിലൊന്നാണ് ഷവോമി. വൈദ്യുതീകരണം, ഓട്ടോണമസ് ഡ്രൈവിംഗ് എന്നിവ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിലവിലെ ആഗോള ഓട്ടോമോട്ടീവ് ബിസിനസ് സാഹചര്യത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഷവോമിക്ക് കഴിയും. നിലവില്‍ നൈന്‍ബോട്ട് സി30 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഷവോമി നിര്‍മിക്കുന്നു. ഇതിന്റെ സ്വാഭാവിക തുടര്‍ച്ചയായി കാറുകള്‍ വിപണിയിലെത്താനാണ് സാധ്യത.
ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ നേരത്തെ സമാന വഴി തെരഞ്ഞെടുത്തിരുന്നു. ആപ്പിള്‍ കാര്‍ വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. കാര്‍ നിര്‍മിക്കുന്നതിന് പരമ്പരാഗത വാഹന നിര്‍മാതാക്കളുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ഹ്യുണ്ടായ്, നിസാന്‍ കമ്പനികളെ സമീപിച്ചെങ്കിലും ഏറ്റവും ഒടുവില്‍ സ്റ്റെല്ലന്റിസില്‍ എത്തിനില്‍ക്കുന്നു. ഇന്ത്യയെയും പ്രധാന വിപണിയായി ലക്ഷ്യം വെയ്ക്കാന്‍ ഷവോമിക്ക് കഴിയും. ആപ്പിളിന് സമാനമായ നീക്കം നടത്തുകയാണെങ്കില്‍ ഷവോമിക്ക് ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സുമായി എളുപ്പം പങ്കാളിത്തം സ്ഥാപിക്കാം. രത്തന്‍ ടാറ്റ നേരത്തെ ഷവോമിയില്‍ നിക്ഷേപം നടത്തിയിരുന്നു.
ബെയ്ജിംഗ് ആസ്ഥാനമായി 2010 ഏപ്രില്‍ മാസത്തിലാണ് ഷവോമി സ്ഥാപിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍, മൊബീല്‍ ആപ്പുകള്‍, ലാപ്‌ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, ബാഗുകള്‍, ഷൂ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് നിലവില്‍ ഷവോമി നിര്‍മിക്കുകയും ഈ ബിസിനസ്സുകളില്‍ നിക്ഷേപം നടത്തിയിരിക്കുകയും ചെയ്തിരിക്കുന്നത്.