1000 കോടിയുടെ 88 റെയില്‍വേ പദ്ധതികള്‍ സമര്‍പ്പിച്ചു
കേരളത്തിലെ വിവിധ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു
ന്യൂഡെല്‍ഹി: യാത്രക്കാരുടെ സൗകര്യങ്ങളും റെയ്ല്‍വേ സ്റ്റേഷനിലെ വിവിധ സജ്ജീകരണങ്ങളും മെച്ചപ്പെടുത്തുന്നതിന് കേരളം, തമിഴ്നാട്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
1000 കോടിയിലധികം രൂപ വിലമതിക്കുന്ന 88 റെയില്‍വേ പദ്ധതികളാണ് അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി വിവിധ വിശിഷ്ടാതിഥികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ പൈതൃകത്തെ സംരക്ഷിക്കുന്ന കേരളത്തിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ഇത് സംസ്ഥാനത്തെ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നും കേരളത്തിലെ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ പീയൂഷ് ഗോയല്‍ പറഞ്ഞു. കേരളത്തിലെ റെയില്‍വേയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു വലിയ ഉയര്‍ച്ച നല്‍കാനാണ്. കേരളത്തെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് ലഭിക്കും. കേരളത്തിനായി അനുവദിക്കുന്ന ബജറ്റ് വിഹിതം വര്‍ഷം തോറും വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ കൊല്ലം, കുണ്ടറ, കൊച്ചുവേളി എന്നിവിടങ്ങളിലെ സ്റ്റേഷനുകളില്‍ മൊത്തം 9.56 കോടി രൂപ ചെലവില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍ യാത്രക്കാരുടെ മൊബിലിറ്റി വര്‍ദ്ധിപ്പിക്കുകയും ഈ പ്രധാനപ്പെട്ട സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സഹായകമാകുകയും ചെയ്യും. കാഞ്ഞങ്ങാട്, ആലുവ സ്റ്റേഷനുകളില്‍ മൊത്തം 1.60 കോടി ചെലവില്‍ ലിഫ്റ്റുകള്‍ സ്ഥാപിച്ചു. പ്ലാറ്റ്ഫോമുകളിലും അനുബന്ധ സ്ഥലങ്ങളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അസുഖബാധിതര്‍ക്കും അംഗപരിമിതര്‍ക്കും ഇത് സൗകര്യപ്രദമായിരിക്കും.
റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 15 സ്ഥലങ്ങളില്‍ മൊത്തം 9.45 കോടി രൂപ ചെലവില്‍ അത്യാധുനിക വീഡിയോ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ചൈന്നൈയിലാണ് ഇതിന്‍റെ സെന്‍ട്രല്‍ മോണിറ്ററിംഗ് സംവിധാനം. ആലപ്പുഴ, ആലുവ, ചെങ്ങന്നൂര്‍, എറണാകുളം ടൗണ്‍, കായംകുളം, തിരുവല്ല, കോട്ടയം, വടകര, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജംഗ്ഷന്‍, തിരുര്‍, തലശ്ശേരി, കാഞ്ഞങ്ങാട്, പയന്നൂര്‍ എന്നീ റെയ്ല്‍വേ സ്റ്റേഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍, തൃശ്ശൂര്‍ എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളില്‍ മൊത്തം 42 ലക്ഷം രൂപ ചെലവിട്ട് എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമായ പ്രകാശ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് യാത്രക്കാക്ക് കൂടുതല്‍ ഹൃദ്യമായ യാത്രാനുഭവം നല്‍കും.
യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും ട്രെയിനില്‍ ഇറങ്ങുന്നതും കയറുന്നതും എളുപ്പമാക്കുന്നതിന് 1.39 കോടി രൂപ ചെലവില്‍ താനൂരില്‍ പ്ലാറ്റ്ഫോം ഉയര്‍ത്തല്‍ ജോലികള്‍ പൂര്‍ത്തിയായി. ഊര്‍ജ്ജ കാര്യക്ഷമതയും ഊര്‍ജ്ജ സംരക്ഷണവും ലക്ഷ്യമിട്ട്, 42 ലക്ഷം രൂപ ചെലവില്‍ 100 കിലോവാട്ട് സോളാര്‍ പ്ലാന്‍റുകള്‍ തൃശൂരിലും തിരുവനന്തപുരത്തും സ്ഥാപിച്ചു.