2025 വരെ കോവിഡ് വാക്‌സിനുകള്‍ക്കായി ലോകത്ത് 157 ബില്യണ്‍ ഡോളര്‍ ചിലവഴിക്കപ്പെടും
1 min readകോവിഡ്-19 വാക്‌സിനേഷന്റെ ആദ്യ തരംഗം 2022 അവസാനത്തോടെ ലോകത്തിലെ 70 ശതമാനം ജനങ്ങളിലേക്കും എത്തും
കോവിഡ്-19 വാക്‌സിനുകള്‍ക്കായുള്ള ആഗോള ചിലവിടല്‍ 2025ഓടെ 157 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി ഇല്ലാതാക്കുന്നതിനായുള്ള വാക്‌സിനേഷന്‍ യജ്ഞനങ്ങളും ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും പ്രതീക്ഷിക്കപ്പെടുന്ന ബൂസ്റ്റര്‍ ഡോസുകളും വാക്‌സിന്‍ ആവശ്യകത വര്‍ധിപ്പിക്കുകയും തന്മൂലം വാക്‌സിന്‍ ഉല്‍പ്പാദനത്തിനായി വലിയ തുക ചിലവഴിക്കേണ്ടതായി വരുമെന്നും ആമേരിക്കയിലെ ഹെല്‍ത്ത് ഡാറ്റ കമ്പനിയായ ഇക്‌വിയ ഹോള്‍ഡിംഗ്‌സിന്റെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
കോവിഡ്-19 വാക്‌സിനേഷന്റെ ആദ്യ തരംഗം 2022 അവസാനത്തോടെ ലോകത്തിലെ 70 ശതമാനം ജനങ്ങളിലേക്കും എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ വിവരങ്ങളും വിശകലനങ്ങളും നല്‍കുന്ന ഇക്‌വിയ അഭിപ്രായപ്പെട്ടു. ആദ്യഘട്ട വാക്‌സിനേഷനുകള്‍ക്ക് ശേഷം ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും കൊറോണ വൈറസിനെതിരായ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കേണ്ടി വരും.
കോവിഡ്-19നെതിരായ ആദ്യ വാക്‌സിനുകള്‍ എടുത്ത് ഒമ്പത് മുതല്‍ 12 മാസങ്ങള്‍ക്കിടയില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമെന്ന സാധ്യത കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകളാണ് അമേരിക്ക നടത്തുന്നതെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമെന്ന് കോവിഡ്-19 വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസറും അഭിപ്രായപ്പെട്ടിട്ടുണ്ട്. വലിയ തോതിലുള്ള വാക്‌സിനേഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷം വാക്‌സിനുകള്‍ക്കായുള്ള ചിലവിടല്‍ 54 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ് കരുതുന്നത്. നിര്‍മാതാക്കള്‍ക്കിടയിലെ മത്സരവും വമ്പിച്ച ഉല്‍പ്പാദനവും മൂലം അതിന് ശേഷം വാക്‌സിനുകള്‍ക്കായുള്ള ചിലവിടല്‍ ക്രമേണ കുറഞ്ഞ് 2025ഓടെ 11 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഇക്‌വിയയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് മുറൈ അതികെന്‍ പറഞ്ഞു.
പുതിയ വിഭാഗം മരുന്നുകളുടെയും വാക്‌സിനുകളുടെയും വില്‍പ്പനയിലുള്ള അസാധാരണ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഈ കണക്ക് ശരിയല്ലെന്ന തോന്നലുണ്ടാകാമെന്നും എന്നാല്‍ ഡിമാന്‍ഡ് വളര്‍ച്ച മൂലം ഹെപ്പറ്റൈറ്റിസ് സി മരുന്നുകള്‍ക്കായി 2014നും 2020നും ഇടയില്‍ ചിലവഴിച്ചത് 130 ബില്യണ്‍ ഡോളറാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ കോവിഡ്-19 വാക്‌സിനുകള്‍ക്കായുള്ള ചിലവിടല്‍ സംബന്ധിച്ച കമ്പനിയുടെ കണക്കുകള്‍ ഏറെക്കുറെ കൃത്യമായിരിക്കുമെന്ന് അതികെന്‍ വ്യക്തമാക്കി.
ഇതേ കാലയളവില്‍ മറ്റ് വിഭാഗങ്ങളിലുള്ള എല്ലാ മരുന്നുകള്‍ക്കുമായി പ്രതീക്ഷിക്കപ്പെടുന്ന 7 ട്രില്യണ്‍ ഡോളറിന്റെ ഏകദേശം 2 ശതമാനം മാത്രമാണ് കോവിഡ്-19 വാക്‌സിനുകള്‍ പ്രതിനിധീകരിക്കുന്നത്. കോവിഡ്-19 വാക്‌സിനുകള്‍ക്കുള്ള ചിലവ് ഒഴിച്ച്, മൊത്തത്തില്‍ മരുന്നുകള്‍ക്കായുള്ള ചിലവിടലില്‍ 2020 മുതല്‍ 2025 വരെയുള്ള ആറുവര്‍ഷക്കാലത്ത് ഏതാണ്ട് 68 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നും ഇക്‌വിയ അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധി മറ്റ് രോഗങ്ങള്‍ക്കായുള്ള കണ്‍സള്‍ട്ടേഷനുകളില്‍ വലിയ കുറവുണ്ടാക്കി. അതിനാല്‍ തന്നെ ചികിത്സകളും സര്‍ജറികളും മരുന്നുകളുടെ ഉപയോഗവും വന്‍തോതില്‍ കുറഞ്ഞു. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ കോവിഡ്-19 വാക്‌സിനുകള്‍ക്കായി 157 ബില്യണ്‍ ഡോളര്‍ ചിലവഴിക്കപ്പെടുമെങ്കിലും പകര്‍ച്ചവ്യാധിയില്‍ നഷ്ടമാകുന്ന ജീവനുകള്‍ കണക്കിലെടുക്കുമ്പോള്‍ അത് വളരെ ചെറിയ സംഖ്യയാണെന്ന് അതികെന്‍ പറഞ്ഞു.