Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസ്ട്രാസെനക വാക്‌സിന്‍ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടനയും

1 min read

വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന വാദത്തിന് യാതൊരു തെളിവും ഇല്ലെന്ന് അസ്ട്രാസെനക കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു

അസ്ട്രാസെനകയുടെ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അസ്ട്രാസെനക വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ വിശദീകരണം. വാക്‌സിന്‍ നടപടികളുമായി രാജ്യങ്ങള്‍ മുന്നോട്ടുപോകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. അതേസമയം ഈ വാക്‌സിന്‍ സ്വീകരിക്കുന്നത് രക്തം കട്ട പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിന് ഒരു തെളിവും ഇല്ലെന്ന് അസ്ട്രാസെനക നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് കമ്പനിയും ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച അസ്ട്രസെനക വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവരില്‍ രക്തം കട്ട പിടിക്കുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പല യൂറോപ്യന്‍ രാജ്യങ്ങളും ഈ വാക്‌സിന്‍ ഉപയോഗിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ഇത്തരം ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ച് വരികയാണ്. വിശദമായ അവലോകനത്തിന് ശേഷം വാക്‌സിന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ പിന്നീട് അറിയിക്കുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് അറിയിച്ചു.

ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഈ വാക്‌സിന്റെ ഉപയോഗം നിര്‍ത്തിവെച്ചിരുന്നു. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യം ഈ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെച്ചത്. യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുടെ ഉറപ്പുണ്ടെങ്കില്‍ അസ്ട്രാസെനക ഉപയോഗം വീണ്ടുമാരംഭിക്കാം എന്ന നിലപാടിലാണ് രാജ്യങ്ങള്‍.

സുരക്ഷയ്ക്കാണ് കമ്പനി ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് നിരന്തരമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അസ്ട്രാസെനക അറിയിച്ചു. യൂറോപ്യന്‍ യൂണിയനിലും യുകെയിലുമായി അസ്ട്രാസെനകയുടെ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച 17 ദശലക്ഷത്തിലധികം പേരുടെ ലഭ്യമായ ആരോഗ്യ സുരക്ഷാ വിവരങ്ങള്‍ പ്രകാരം വാക്‌സിന്‍ ഉപയോഗം ഏതെങ്കിലും പ്രായക്കാര്‍ക്കിടയിലോ, പ്രത്യേക ലിംഗത്തില്‍ പെട്ടവരിലോ, ഏതെങ്കിലും രാജ്യത്തുള്ളവരിലോ പള്‍മണറി എംബോളിസം, ഡീപ് വെയിന്‍ ത്രോംബോസിസ് (ഡിവിറ്റി), ത്രോംബോസൈറ്റോപീനിയ തുടങ്ങി രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുന്ന രക്തക്കട്ടകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു.

മാര്‍ച്ച് എട്ട് വരെ കമ്പനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം യുകെയിലും യൂറോപ്യന്‍ യൂണിയനിലുമായി വാക്‌സിന്‍ സ്വീകരിച്ചവരില്‍ സിരകളില്‍ രക്തക്കട്ട രൂപ്പെടുന്ന അവസ്ഥയായ ഡിവിറ്റി റിപ്പോര്‍ട്ട് ചെയ്ത 15 സംഭവങ്ങളും പള്‍മണറി എംബോളിസം (ശ്വാസകോശത്തിലെ പള്‍മണറി ആര്‍ട്ടറികളില്‍ രക്തക്കട്ട രൂപപ്പെടുന്നത് മൂലമുണ്ടാകുന്ന തടസം) റിപ്പോര്‍ട്ട് ചെയ്ത 22 സംഭവങ്ങളുമാണ് ഉണ്ടായിട്ടുള്ളതെന്ന് കമ്പനി പറഞ്ഞു. പൊതുവിലുള്ള ജനസംഖ്യയുടെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ ഇത് സ്വാഭാവികമാണെന്നും മറ്റ് അംഗീകൃത കോവിഡ്-19 വാക്‌സിനുകള്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും കമ്പനി പറഞ്ഞു. മേഖലയില്‍ വാക്‌സിന്‍ എടുത്ത 17 ദശലക്ഷം ആളുകളില്‍ നൂറില്‍ താഴെ ആളുകളില്‍ മാത്രമാണ് ഇത്തരം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവാണ് ഇതെന്നും അസ്ട്രസെനകയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ആന്‍ ടെയ്‌ലര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പകര്‍ച്ചവ്യാധിയുടെ സ്വഭാവം മൂലം വ്യക്തിഗത കേസുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സ്ഥിതി വന്നുവെന്നും അതിനാല്‍ വാക്‌സിനുകള്‍ പോലെ അംഗീകൃത മരുന്നുകള്‍ പുറത്തിറക്കുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിലവിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അപ്പുറത്തുള്ള സുരക്ഷാ പരിശോധനകളാണ് നടത്തിയതെന്നും കമ്പനി അവകാശപ്പെട്ടു. ഗുണനിലവാരത്തിന്റെ കാര്യത്തിലും യൂറോപ്പിലും ലോകത്തിന്റെ മറ്റിടങ്ങളിലും ഏതെങ്കിലും ഒരു ബാച്ചില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. വാക്‌സിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കൂടുതല്‍ പരിശോധകള്‍ തങ്ങള്‍ സ്വന്തം നിലയ്ക്കും യൂറോപ്യന്‍ ആരോഗ്യ സംവിധാനങ്ങളും നടത്തിവരികയാണെന്നും പുനര്‍ പരിശോധനകളില്‍ ആശങ്കയ്ക്കിടയാക്കുന്ന സംഭരവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കമ്പനി പറഞ്ഞു.

Maintained By : Studio3