കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ കുത്തിവെപ്പില്‍ 7.2 ശതമാനം ഇടിവ്: കേന്ദ്രം
1 min read2019 ഏപ്രിലിനും 2020 മാര്‍ച്ചിനുമിടയിലാണ് ഈ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ന്യൂഡെല്‍ഹി: കുട്ടികള്‍ക്കുള്ള സമ്പുര്‍ണ പ്രതിരോധ കുത്തിവെപ്പില്‍ 2019 ഏപ്രിലിനും 2020 മാര്‍ച്ചിനുമിടയില്‍ 7 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (എച്ച്എംഐഎസ്) നിന്നുള്ള വിവരപ്രകാരം പ്രസ്തുത കാലഘട്ടത്തില്‍ 92.8 ശതമാനമാണ് സമ്പൂര്‍ണ രോഗപ്രതിരോധ കുത്തിവെപ്പ് കവറേജെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സഹ മന്ത്രി അശ്വിന്‍ കുമാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. അവബോധക്കുറവ്, പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പേടി തുടങ്ങിയ കാരണങ്ങളാണ് കുത്തിവെപ്പ് നിരക്ക് കുറയാനുള്ള കാരണമായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക് കുത്തിവെപ്പിന്റെ ഭാഗമായുള്ള മുഴുവന്‍ ഡോസുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജനവിഭാഗങ്ങളുണ്ടെന്നും കുത്തിവെപ്പ് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും കുത്തിവെപ്പിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പേടിയുമടക്കമുള്ള കാരണങ്ങളാണ് ഇത്തരക്കാരെ കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതില്‍ നിന്നും തടയുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നിഷേധിക്കപ്പെടുന്ന കുട്ടികളെ ലക്ഷ്യമിട്ട് ഇന്ദ്രധനുഷ് ദൗത്യം, ഗ്രാം സ്വരാജ് അഭിയാന്‍, എക്‌സ്റ്റെന്‍ഡഡ് ജിഎസ്എ പോലുള്ള പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പ് നിരക്ക് ഉയര്‍ത്തുന്നതിനായി പൊതു ബോധവല്‍ക്കരണം, സാമൂഹികമായുള്ള ഇടപെടല്‍, സമുദായ ഇടപെടല്‍, ഓരോ കുടുംബവുമായി നേരിട്ടുള്ള ഇടപെടല്‍, മാധ്യമ ഇടപെടല്‍ തുടങ്ങി തന്ത്രപ്രധാന ഇടപെടലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ക്കിടയില്‍ രോഗ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കുന്നതിനായി പല പദ്ധതികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.
റേഡിയോ, ടിവി, പോസ്റ്റര്‍, ഹോര്‍ഡിംഗുകള്‍ അടക്കമുള്ള അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ രോഗ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ബോധവല്‍ക്കര പരിപാടികള്‍ നടക്കുന്നുണ്ട്. ഇത് കൂടാതെ ആശ വര്‍ക്കര്‍മാര്‍, അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ മുന്‍നിര പോരാളികളും കുത്തിവെപ്പിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി മുന്‍നിരയിലുണ്ട്. മാത്രമല്ല, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, മറ്റ് അച്ചടി മാധ്യമ മേഖലകള്‍ എന്നിവയും ബോധവക്കരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.