അടങ്ങാതെ ശശികല; പാര്‍ട്ടിയില്‍ തിരികെയെത്തുമെന്ന് പ്രഖ്യാപനം
ചെന്നൈ: എഐഎഡിഎംകെയില്‍ തിരിച്ചെത്തുമെന്ന് പുറത്താക്കപ്പെട്ട മുന്‍ ഇടക്കാല ജനറല്‍ സെക്രട്ടറി വി കെ ശശികല അണികളെ അറിയിച്ചു. ഇതിനായി അവര്‍ തുടര്‍ച്ചയായി പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ ചെയ്യുകയും ഓഡിയോ ക്ലിപ്പുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. മുന്‍ മന്ത്രിയും പാര്‍ലമെന്‍റ് അംഗവും ഉള്‍പ്പെടെ 17 പാര്‍ട്ടി നേതാക്കളെ ശശികലയുമായി ആശയവിനിമയം നടത്തിയതിന് എഐഎഡിഎംകെ നേതൃത്വം കഴിഞ്ഞദിവസം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി പരേതയായ ജെ. ജയലളിതയുടെ അടുത്ത അനുയായിയായിരുന്നു ശശികല. അവിമതിക്കേസില്‍ ജയില്‍വാസം അനുഭവിച്ചതിനുശേഷം അവര്‍ പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നിലവിലുള്ള പാര്‍ട്ടി നേതൃത്വം അതംഗീകരിക്കുന്നില്ല. എഐഎഡിഎംകെ നേതൃത്വത്തെ വെട്ടിലാക്കാനും അതുവഴി താന്‍ പാര്‍ട്ടിക്ക് അവിഭാജ്യഘടകമാണെന്ന് സ്ഥാപിച്ചെടുക്കാനുമുള്ള നീക്കങ്ങളാണ് ശശികല ഇപ്പോള്‍ നടത്തുന്നത്. പാര്‍ട്ടി പ്രതിസന്ധിയിലായാല്‍ ഒരു രക്ഷകയെപ്പോലെ അവതരിക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.
അതേസമയം പാര്‍ട്ടിയില്‍ ശശികലയ്ക്ക് യാതൊരു പങ്കുമില്ലെന്നും ജയലളിതയുടെ സഹായി മാത്രമായിരുന്നുവെന്നും മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ സി വി ഷണ്‍മുഖം പരസ്യമായി പറഞ്ഞിരുന്നു. ഇത് ശശികലയെ അനുകൂലിക്കുന്നവരെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഷണ്‍മുഖത്തിന് ഒരു ദിവസം 500 ലധികം ഭീഷണി കോളുകളാണ് ലഭിക്കുന്നത്. വധഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് അക്കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി വക്താവ് പുഴഗേന്ദി, മുന്‍ മന്ത്രി ആനന്ദന്‍, മുന്‍ പാര്‍ലമെന്‍റ് അംഗം ചിന്നസ്വാമി എന്നിവരുള്‍പ്പെടെ പാര്‍ട്ടിയിലെ 17 പ്രവര്‍ത്തകരെയാണ് ശശികലയുമായി നടത്തിയ ആശയവിനിമയത്തെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പുറത്താക്കിയതിന് മറുപടിയായാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ശശികലയുടെ ഓഡിയോ ക്ലിപ്പിംഗുകള്‍. പനീര്‍സെല്‍വത്തിനെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുന്നതിന് അവര്‍ തയ്യാറായിരുന്നു എന്ന് ഏറ്റവും പുതിയ ഓഡിയോ ക്ലിപ്പിംഗുകളില്‍ ഉണ്ട്. അതിനുശേഷമാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. എന്നാല്‍ ഈ രണ്ടുനേതാക്കളും ചേര്‍ന്ന് തന്നെ പിന്തള്ളിയതായും അവര്‍ ആരോപിക്കുന്നു. എന്‍റെ പുറകില്‍ കുത്തേറ്റ മുറിവുകളുണ്ടെന്നും ശൂന്യമായ ഇടമില്ലെന്നും ശശികല പ്രവര്‍ത്തകരോട് പറയുന്നു. താനും എഐഎഡിഎംകെയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി പോരാടുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടി ശിഥിലമാകുകയാണെങ്കില്‍ നിശബ്ദ കാഴ്ചക്കാരിയാകാന്‍ കഴിയില്ലെന്ന് പറഞ്ഞ ശശികല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കി.
‘ ലോക്കഡൗണ്‍ ഒഴിവാക്കിയതിനുശേഷം എഐഡിഎംകെയുമായി ഒരു പുതിയ ഇന്നിംഗ്സ് ആരംഭിക്കും. ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കും. അമ്മയുടെ ഭരണം സംസ്ഥാനത്തേക്ക് തിരികെയെത്തിക്കും’,പ്രവര്‍ത്തകര്‍ക്കുള്ള ഒരു ഓഡിയോ ക്ലിപ്പിംഗില്‍ അവര്‍ പറയുന്നു. അടുത്ത നൂറ്റാണ്ടിലും എഐഎഡിഎംകെ ശക്തമായ ശക്തിയായി തുടരണമെന്നും അതിനായി പ്രവര്‍ത്തകരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.