കോണ്‍ഗ്രസ് ശക്തമായി തിരിച്ചെത്തും: സുധാകരന്‍
1 min readതിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി കരുത്തോടെ തിരിച്ചുവരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് ചുമതല ഏറ്റെടുത്തശേഷം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പുതിയ അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടിയെ വിജയ വഴിയില്‍ തിരിച്ചെത്തിക്കുന്നതിനായി അദ്ദേഹം ഓരോ പ്രവര്‍ത്തകന്‍റെയും സഹായം അദ്ദേഹം തേടി. ‘നിങ്ങള്‍ എനിക്ക് പിന്തുണ തരുന്നുവെങ്കില്‍ ഞാന്‍നിങ്ങള്‍ക്ക് ഉറപ്പുതരാം.എന്‍റെ പ്രവൃത്തികളിലൂടെ നമ്മുടെ പാര്‍ട്ടിക്ക് ഒരു നാശനഷ്ടവും വരുത്തുകയില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കാം. ശക്തമായ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് അടിത്തട്ടിലേക്കിറങ്ങി പ്രവര്‍ത്തിക്കാം’ , സുധാകരന്‍ പറഞ്ഞു.
പുതിയ സംസ്ഥാന അധ്യക്ഷനായി സുധാകരന്‍റെ പേര് പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിപ്പോള്‍ അത് പലരെയും ഞെട്ടിച്ചിരുന്നു. കാരണം അധ്യക്ഷനാകാനുള്ള മത്സരത്തില്‍ സുധാകരന്‍ മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറന്ന് ഒരു പ്രഖ്യാപനമുണ്ടാകുമോ എന്നതായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ സംശയം. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ സ്വീകരിച്ച നിലപാടുതന്നെ ഇവിടെയും ഹൈക്കമാന്‍ഡ് അനുവര്‍ത്തിച്ചു. ഒരു ഗ്രൂപ്പിലും പെടാത്ത ഗര്‍ജിക്കുന്ന സിംഹത്തെ തന്നെ അരങ്ങിലേക്കിറക്കി. ഇത് ഗ്രൂപ്പിസവുമായി മുന്നോട്ടുപോകുന്നവര്‍ക്കുള്ള താക്കീതുകൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടാകണമെങ്കില്‍ ഗ്രൂപ്പിസം ഉപേക്ഷിക്കണമെന്ന് സുധാകരനും അഭിപ്രായപ്പെട്ടിരുന്നു. ഇത് പാര്‍ട്ടിയിലെ പലര്‍ക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്.
പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന് ബിജെപി ബന്ധമുണ്ടെന്ന് സൂചന നല്‍കി സിപിഐ-എം അടുത്തിടെ നടത്തിയ പ്രസ്താവനക്കെതിരെ അദ്ദേഹം രംഗത്തുവന്നിരുന്നു. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പിണറായി വിജയന് മറുപടി നല്‍കിയത്. ‘ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും സഹായം നേടിയത് വിജയനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടിയത് കോണ്‍ഗ്രസ് മാത്രമാണ്, മറ്റ് പാര്‍ട്ടികളല്ല,’ സുധാകരന്‍ തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിജയനും തമ്മിലുള്ള രഹസ്യ ധാരണയിലാണ് രണ്ടാമത്തെ പിണറായി വിജയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോറ്റെങ്കിലും കോണ്‍ഗ്രസും സിപിഐ എമ്മും തമ്മിലുള്ള വോട്ട് ശതമാനത്തിലെ വ്യത്യാസം 0.5 ശതമാനം മാത്രമാണ്. അതിനാല്‍ ഞങ്ങള്‍ക്ക് നിരാശപ്പെടാന്‍ ഒരു കാരണവുമില്ല.പാര്‍ട്ടി ശക്തമായി മടങ്ങിവരും, അതിനായി ഞങ്ങള്‍ എല്ലാവരും ഒന്നായി പ്രവര്‍ത്തിക്കും, “രാമചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വ്യത്യസ്തമായ പ്രവര്‍ത്തന രീതികളുണ്ടെന്നും അത് ഒരു വ്യക്തി എല്ലാം തീരുമാനിക്കുകയും ബാക്കിയുള്ളവര്‍ കൈയ്യടിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു പാര്‍ട്ടി പോലെയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. ‘എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യാനും സംവദിക്കാനും കഴിയുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പുതിയ പ്രസിഡന്‍റ് സുധാകരനോടൊപ്പം ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘം തന്നെ പാര്‍ട്ടിക്കുണ്ട്. പണ്ട് ഇവിടെയും നമ്മുടെ പാര്‍ട്ടിക്ക് ഇതിലും മോശമായ ഒരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായിട്ടുണ്ട്. അതിനാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയും”സതീശന്‍ പറഞ്ഞു.