ഡബ്ല്യുഎച്ജി ഹോട്ടല്‍ നെടുമ്പാശേരിയില്‍ നിര്‍മാണമാരംഭിച്ചു

കൊച്ചി: ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച് ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണം നെടുമ്പാശേരിയില്‍ നിര്‍മ്മാണമാരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വേള്‍ഡ് ഗ്രൂപ്പ് നടപ്പാക്കുമെന്ന് നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച വ്യവസായമന്ത്രി പി രാജീവിനെ പദ്ധതി ഡയറക്ടര്‍ ജെ ജയകൃഷ്ണന്‍ അറിയിച്ചു. ആഗോള ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തിലുള്ള ഉറച്ച വിശ്വാസമാണ് വന്‍കിട പ്രോജക്ടുകളുടെ നിര്‍മ്മാണത്തിലൂടെ കാണാനാവുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വേള്‍ഡ് ഗ്രൂപ്പ് നടപ്പാക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന്റെ മികച്ച വ്യവസായസൗഹൃദ അന്തരീക്ഷത്തിന്റെ തെളിവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേരളത്തിലാണ്. ഈ തൊഴില്‍ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നൈപുണ്യശേഷിയുള്ളവര്‍ കേരളത്തില്‍ തന്നെയുണ്ടാകണം. ഡബ്ല്യുജിഎച് ഗ്രൂപ്പ് പഞ്ചനക്ഷത്ര ഹോട്ടലിനൊപ്പം ഹോസ്പിറ്റാലിറ്റി കോളേജും ആരംഭിക്കാന്‍ പോകുന്നത് ഇതിലേക്കുള്ള കാല്‍വയ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയില്‍ അവതരിപ്പിക്കപ്പെട്ട ഡബ്ല്യുഎച്ജി യുടെ കൊച്ചി നെടുമ്പാശേരിയിലെ പദ്ധതിയ്ക്ക് മാത്രം 250 കോടി രൂപയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. 1050 തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കാനാകും. 1.75 ലക്ഷം ചതുരശ്രയടി സ്ഥലമാണ് പുതിയ ഹോട്ടലിനുണ്ടാകുന്നത്. പദ്ധതിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 120 മുറികളും ആറ് ഫുഡ് ആന്‍ഡ് ബീവറേജ് ഔട്ട്‌ലെറ്റുകളും, കോണ്‍ഫറന്‍സ് സംവിധാനങ്ങളും ഉള്‍പ്പെടുന്നു. 2012 മുതല്‍ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡബ്ല്യു ജി എചിന് ആലപ്പുഴ, മുന്നാര്‍, തേക്കടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കൊപ്പം കൊച്ചി, വര്‍ക്കല, തിരുവനന്തപുരം, അഷ്ടമുടി എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ ഹോട്ടല്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം 2028 ജനുവരി ഒന്നിന്് നിര്‍വഹിക്കുമെന്ന പ്രഖ്യാപനവും ഡയറക്ടര്‍ ജെ ജയകൃഷ്ണന്‍ നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും പുരോഗമനപരമായ ടൂറിസം നയങ്ങളും പുതിയ നിക്ഷേപങ്ങള്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘനന വ്യവസായത്തില്‍ തുടങ്ങി ആരംഭിച്ച് ഡി.ആര്‍.ഐ, റീട്ടെയില്‍, ലോജിസ്റ്റിക്‌സ്, കണ്‍സള്‍ട്ടിംഗ്, കൃഷി എന്നീ മേഖലകളിലേക്ക് വ്യാപിച്ച വേള്‍ഡ് ഗ്രൂപ്പ് ഒറീസ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 250 കോടിയിലധികം രൂപ കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ 400 കോടിയുടെ നിക്ഷേപത്തോടെ പുതിയ റിസോര്‍ട്ടുകള്‍, കൊച്ചിയിലെ അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്പിറ്റാലിറ്റി കോളേജ്, സംസ്ഥാനത്തുടനീളം വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഖല എന്നിവയ്ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം. വര്‍ക്കല, അഷ്ടമുടി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകള്‍ 2027 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.