ഡാറ്റാ പരിരക്ഷണ ബില്‍ വരും വരെ പുതിയ സ്വകാര്യതാ നയം വാട്ട്സ്ആപ്പ് നിര്‍ബന്ധമാക്കില്ല
ഉപയോക്താക്കളുടെ സ്വകാര്യത ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി തുടരുന്നുവെന്ന് ആവര്‍ത്തിക്കുന്നുവെന്ന് വാട്ട്സ്ആപ്പ്
ന്യൂഡെല്‍ഹി: ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതുവരെ പുതിയ സ്വകാര്യതാ നയം തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കില്ലെന്ന് വാട്സ്ആപ്പ് ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. പുതിയ സ്വകാര്യതാ നയം തിരഞ്ഞെടുക്കാത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ലെന്നും മെസേജിംഗ് അപ്ലിക്കേഷന്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
കോംപറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) തീരുമാനത്തിനെതിരായ തങ്ങളുടെ ഹര്‍ജി തള്ളിക്കളഞ്ഞ സിംഗിള്‍ ജഡ്ജി ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഫേസ്ബുക്കും വാട്സ്ആപ്പും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വാട്സ്ആപ്പിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ‘വാട്ട്സ്ആപ്പ് കുറച്ചുകാലത്തേക്ക് പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തില്ല, ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതുവരെ ഉപയോക്താക്കളെ അപ്ഡേറ്റുകള്‍ കാണിക്കുന്നത് തുടരും,’ അദ്ദേഹം വ്യക്തമാക്കി.
“ഉപയോക്താക്കളുടെ സ്വകാര്യത ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി തുടരുന്നുവെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ പറയുകയാണ്, സമീപകാല അപ്ഡേറ്റ് ആളുകളുടെ സ്വകാര്യ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല. ആളുകള്‍ ബിസിനസ്സുകള്‍ തിരഞ്ഞെടുക്കുന്നെങ്കില്‍ അവരുമായി എങ്ങനെ സംവദിക്കാമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം,’ ഒരു വാട്ട്സ്ആപ്പ് വക്താവ് പറഞ്ഞു.
ഫേസ്ബുക്കില്‍ നിന്ന് പിന്തുണ സ്വീകരിക്കുന്ന ഒരു ബിസിനസ്സുമായി ആശയവിനിമയം നടത്തുന്നത് പോലുള്ള പ്രസക്തമായ ഓപ്ഷണല്‍ സവിശേഷതകള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ സമയാസമയങ്ങളില്‍ ഉപയോക്താക്കളെ അപ്ഡേറ്റിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നത് തുടരും. പുതിയ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഈ സമീപനം നിലനിര്‍ത്തുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.