പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കും: ഫേസ്ബുക്ക്
1 min readപുതിയ ചട്ടക്കൂട് നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്‍റെ ഈ പ്രതികരണം
ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറങ്ങിയ ചട്ടങ്ങള്‍ പാലിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ വമ്പന്‍ ഫെയ്സ്ബുക്ക് അറിയിച്ചു. സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും വിവിധ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുകയാണെന്നും കമ്പനി പറഞ്ഞു. പുതിയ ചട്ടക്കൂട് നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്‍റെ ഈ പ്രതികരണം വന്നത്.
തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വതന്ത്രമായും സുരക്ഷിതമായും അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ തങ്ങള്‍ക്കെതിരേ സ്വീകരിക്കുന്ന നടപടികളില്‍ എതിര്‍പ്പുന്നയിക്കാനും പരാതി നല്‍കാനും പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.
ആമസോണ്‍ പ്രൈം, ഓണ്‍ലൈന്‍ ന്യൂസ് മീഡിയ സംരംഭങ്ങള്‍ പോലുള്ള ഓവര്‍ ദ ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍ക്കായി മൂന്നു തലങ്ങളിലുള്ള സ്വയം നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കാനും പുതിയ നിയമം നിഷ്കര്‍ഷിക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഉള്‍പ്പടെയുള്ള പുതിയ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്കിന്‍റെ പ്രസ്താവന എത്തിയിരിക്കുന്നത്.
ഇതുവരെ പ്രമുഖമായ സോഷ്യല്‍ മീഡിയ കമ്പനികളൊന്നും ഇത്തരം നിയമനങ്ങളെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്കാക്കുന്നത്. അവര്‍ മന്ത്രാലയത്തെ അറിയിക്കേണ്ട ആവശ്യമില്ലെന്നും വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയാല്‍ മതിയാകുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. പുതിയ നിയമങ്ങള്‍ ഫെബ്രുവരി 25ന് പ്രഖ്യാപിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇത് പാലിക്കാന്‍ മൂന്ന് മാസത്തെ സമയം നല്‍കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷന്‍ 69 (എ) പരിധിയില്‍ ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരെ കൊണ്ടുവരുന്നതും പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു. പൊതുക്രമത്തിന് ഭീഷണിയായി കണക്കാക്കി ചില ഉള്ളടക്കങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിടാന്‍ ഇതിലൂടെ സര്‍ക്കാരിന് സാധിക്കും. റെഗുലേറ്ററി സംവിധാനത്തിന്‍റെ തലപ്പത്തുള്ള മന്ത്രിതല സമിതിയുടെ നേതൃസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥന് അടിയന്തിര സാഹചര്യങ്ങളില്‍ കമ്പനികള്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കാതെ ഈ ഉത്തരവ് പുറപ്പെടുവിക്കാനും കഴിയും. ഈ എമര്‍ജന്‍സി ബ്ലോക്ക് അംഗീകരിക്കുന്നതിന് സമിതി യോഗം 48 മണിക്കൂറിനുള്ളില്‍ ചേരണമെന്നാണ് വ്യവസ്ഥ.
ഡാറ്റാ ഉത്ഭവത്തിലും പങ്കിടലിലും കൂടുതല്‍ നിരീക്ഷണം സാധ്യമാക്കുന്ന വ്യവസ്ഥകളും നിയമത്തിലുണ്ട്. വിവിധ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഏതൊരു ഡാറ്റയുടെയും ഉത്ഭവ സ്ഥാനം ലഭ്യമാക്കണമെന്നും നിയമങ്ങള്‍ അനുശാസിക്കുന്നു.
അഞ്ച് ദശലക്ഷം ഉപയോക്താക്കളോ അതില്‍ കൂടുതലോ ഉള്ള പ്ലാറ്റ്ഫോമുകളെയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായി നിയമം വേര്‍തിരിക്കുന്നത്.