വാറണ്‍ ബഫറ്റ് 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍
വാഷിംഗ്ടണ്‍: നിക്ഷേപ കമ്പനിയായ ബെര്‍ക്ഷെയര്‍ ഹാത്വേയുടെ ചെയര്‍മാനായ 90 കാരന്‍ വാറണ്‍ ബഫറ്റിന്‍റെ ആസ്തി 100 ബില്യണ്‍ ഡോളറിനു മുകളിലേക്ക് എത്തി. ഈ വര്‍ഷം കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നതോടെയാണ് ബഫറ്റ് 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടിയത്. ലോകത്തിലെ ഏറ്റവും പ്രാഗത്ഭ്യമയുള്ള നിക്ഷേപകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബഫറ്റ് തന്‍റെ കോടിക്കണക്കിന് സ്വത്ത് ഇതിനകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി ലോക സമ്പത്ത് റാങ്കിംഗില്‍ മുന്‍നിരയില്‍ ബഫെറ്റ് നില്‍ക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ വ്യക്തിപരമായ സമ്പത്ത് ഇതുവരെ 100 ബില്യണ്‍ ഡോളറില്‍ ഒന്നാമതെത്തിയിട്ടില്ല. വലിയ തരത്തിലുള്ള ജീവകാരുണ്യ സംഭാവനകളാണ് ഇതിന് ഒരു കാരണം. 2006 മുതല്‍ അദ്ദേഹം ബെര്‍ക്ക്ഷെയര്‍ ഹാത്വേ ഓഹരികളിലൂടെ 37 ബില്യണ്‍ ഡോളറിലധികം നല്‍കി.
ശതകോടീശ്വരന്‍മാരുടെ ജീവകാരുണ്യപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടിയായ ഗിവിംഗ് പ്ലെഡ്ജിന്‍റെ സഹസ്ഥാപകനാണ് ബഫെറ്റ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ മുന്‍ ഭാര്യ മക്കെന്‍സി സ്കോട്ടും ഈ പ്രതിജ്ഞയില്‍ അടുത്തിടെ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വെറും നാല് മാസത്തിനുള്ളില്‍ 4 ബില്യണ്‍ ഡോളറിലധികം സ്വത്ത് നല്‍കി.