10,000 കോടി രൂപ മൂല്യമുള്ള സര്‍ക്കാര്‍ കടപത്രങ്ങളുടെ വാങ്ങലും വില്‍ക്കലും പ്രഖ്യാപിച്ചി ആര്‍ബിഐ
1 min readന്യൂഡെല്‍ഹി: നിലവിലെ പണലഭ്യതയും സാമ്പത്തിക സ്ഥിതിയും അവലോകനം ചെയ്ത ശേഷം മാര്‍ച്ച് 18 ന് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് (ഒഎംഒ) പ്രകാരം സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഒരേസമയം വാങ്ങാനും വില്‍ക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. മള്‍ട്ടിപ്പിള്‍ പ്രൈസ് ലേലം രീതി ഉപയോഗിച്ച് 5.15 ശതമാനം മുതല്‍ 7.95 ശതമാനം വരെ പലിശനിരക്കിലാണ് ഈ സെക്യൂരിറ്റികള്‍ ആര്‍ബിഐ വാങ്ങുന്നത്. തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഈ സെക്യൂരിറ്റികള്‍ 8.15 ശതമാനം മുതല്‍ 8.35 ശതമാനം വരെ പലിശ നിരക്കില്‍ വില്‍ക്കും.
വ്യക്തിഗത സെക്യൂരിറ്റികളുടെ വാങ്ങല്‍ അല്ലെങ്കില്‍ വില്‍പ്പന അളവ് തീരുമാനിക്കാനുള്ള അവകാശം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. മൊത്തം തുകയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ബിഡ്ഡുകളോ ഓഫറുകളോ സ്വീകരിക്കുന്നതിനുള്ള അവകാശവും കേന്ദ്ര ബാങ്കിനുണ്ടാകും. ഒരു കാരണവും നല്‍കാതെ തന്നെ ഓഫറുകള്‍ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശവും റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്.
നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് മാര്‍ച്ച് 18 ന് രാവിലെ 10നും 11നും ഇടയില്‍ റിസര്‍വ് ബാങ്ക് കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (ഇ-കുബര്‍) സിസ്റ്റത്തില്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ബിഡ് സമര്‍പ്പിക്കാം. സാങ്കേതിക സംവിധാനത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായാല്‍ മാത്രമേ ഫിസിക്കല്‍ ബിഡ് സ്വീകരിക്കുകയുള്ളൂ. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിനാണ് ഇത് സമര്‍പ്പിക്കേണ്ടത്. അതിനുള്ള നിര്‍ദേശങ്ങള്‍ ആര്‍ബിഐ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.
ലേലത്തിന്‍റെ ഫലം അതേ ദിവസം തന്നെ പ്രഖ്യാപിക്കും. വിജയിക്കുന്നവര്‍ക്ക് മാര്‍ച്ച് 19 ന് ഉച്ചയ്ക്ക് 12 മണിയോടെ കറന്‍റ് അക്കൗണ്ടില്‍ ഫണ്ടുകളോ സെക്യൂരിറ്റികളോ ഉണ്ടായിരിക്കണം. പണമൊഴുക്കും വിപണി സാഹചര്യങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും ധനവിപണിയിലെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ബാങ്ക് അിയിച്ചു.