Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് ഇന്ത്യയില്‍ അരങ്ങേറി

ഈ വര്‍ഷം ജൂണില്‍ പ്രീ ബുക്കിംഗ് ആരംഭിക്കും. ഒക്‌റ്റോബറില്‍ ഡെലിവറി തുടങ്ങും

സ്വീഡിഷ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡലാണ് എക്‌സ്‌സി40 റീചാര്‍ജ്

വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് ഔദ്യോഗികമായി ഇന്ത്യയില്‍ അനാവരണം ചെയ്തു. ഓള്‍ ഇലക്ട്രിക് എസ്‌യുവി കഴിഞ്ഞ വര്‍ഷം ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. സ്വീഡിഷ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) മോഡലാണ് എക്‌സ്‌സി40 റീചാര്‍ജ്. ബെല്‍ജിയത്തിലെ ഗെന്റ് പ്ലാന്റിലാണ് വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് നിര്‍മിക്കുന്നത്. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഈ വര്‍ഷം ജൂണില്‍ പ്രീ ബുക്കിംഗ് ആരംഭിക്കും. ഒക്‌റ്റോബറില്‍ ഡെലിവറി തുടങ്ങും. ഇന്ത്യയില്‍ ആഡംബര ഇവി സെഗ്‌മെന്റിലെ ഏറ്റവും പുതിയ അംഗമാണ് വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ്. വില്‍പ്പന തുടരുന്ന മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി കൂടാതെ ഈ സെഗ്‌മെന്റില്‍ ജാഗ്വാര്‍ ഐ പേസ് ഈ മാസം 23 ന് പുറത്തിറക്കും.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

ഇരട്ട മോട്ടോര്‍ പവര്‍ട്രെയ്‌നാണ് വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് ഉപയോഗിക്കുന്നത്. മുന്‍, പിന്‍ ആക്‌സിലുകളില്‍ 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ നല്‍കി. ആകെ 408 ബിഎച്ച്പി കരുത്തും 660 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 78 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് ഊര്‍ജമേകുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 418 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.9 സെക്കന്‍ഡ് മതി.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

വോള്‍വോ എക്‌സ്‌സി40 പോലെ, വോള്‍വോയുടെ കോംപാക്റ്റ് മോഡുലര്‍ ആര്‍ക്കിടെക്ച്ചര്‍ (സിഎംഎ) പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌സി40 റീചാര്‍ജ് നിര്‍മിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനമായതിനാല്‍ കാഴ്ച്ചയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. ഇതൊഴിച്ചാല്‍ എക്‌സ്‌സി40 മോഡലിന് സമാനമാണ് പുതിയ ഇവി. ഗ്രില്ലിന് പകരം മുന്നില്‍ വൈറ്റ് ഫിനിഷ് ലഭിച്ച പാനല്‍ നല്‍കി. അലോയ് വീലുകള്‍ പുതിയതാണ്. ടെസ്‌ല കാറുകളെ പോലെ 31 ലിറ്റര്‍ സ്റ്റോറേജ് ശേഷിയുള്ള ഫ്രങ്ക് മുന്നില്‍ ലഭിച്ചു.

ഇതോടൊപ്പം, ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ഓള്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് വോള്‍വോ കാര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വോള്‍വോ സി40 ഇലക്ട്രിക് ക്രോസ്ഓവര്‍ കൂടി ഇന്ത്യയില്‍ കൊണ്ടുവരും. 2025 ഓടെ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 80 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്നും നിശ്ചയിച്ചു. ആഗോളതലത്തില്‍ ഇത് 50 ശതമാനമാണ്. വിവിധ ബോഡി സ്‌റ്റൈലുകളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാക്കണമെന്ന ലക്ഷ്യം കൂടി വോള്‍വോ പങ്കുവെയ്ക്കുന്നു. ഇതിനായി കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കും. എസ്90, എക്‌സ്‌സി60 എന്നീ പെട്രോള്‍ മോഡലുകളും വൈകാതെ ഇന്ത്യയിലെത്തും. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച എസ്60 മോഡലിന്റെ ഡെലിവറി മാര്‍ച്ച് 18 ന് ആരംഭിക്കും. നിലവില്‍ ഇന്ത്യയിലെ ഉല്‍പ്പന്ന നിരയില്‍ എക്‌സ്‌സി90 പ്ലഗ് ഇന്‍ ഹൈബ്രിഡ് ലഭ്യമാണ്.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്
Maintained By : Studio3