ചൈന-യുഎസ്-യൂറോപ്യന്‍ യൂണിയന്‍; പരസ്പര സഹകരണത്തിലെ പാളിച്ചകള്‍
1 min readചൈന-യുഎസ് ബന്ധം വഷളാകുന്നതിനിടയില്‍, ബെയ്ജിംഗും വാഷിംഗ്ടണുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് യൂറോപ്യന്‍ യൂണിയന് കൂടുതല്‍ ബുദ്ധിമുട്ടാവുകയാണ്. സാങ്കേതിക കൈമാറ്റങ്ങള്‍ നിരോധിക്കുന്നതിലൂടെ ചൈനീസ് സൈനിക നവീകരണത്തെ തടയാന്‍ യൂറോപ്പ് സഹായിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു.
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പല പ്രവണതകളെയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചൈന-യുഎസ് ശത്രുത. കഴിഞ്ഞ രണ്ട് ദശകങ്ങളായി ചൈനയുടെ ഉയര്‍ച്ച ക്രമാനുഗതമായി തുടരുകയാണ്, ഇത് ലോകത്തെ യുഎസ് നേതൃത്വത്തെ നേരിട്ട് വെല്ലുവിളിക്കുന്ന ഒരു ഘട്ടത്തിലെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ഷി ജിന്‍പിംഗിന് കീഴില്‍ അതിന്‍റെ സ്വേച്ഛാധിപത്യ സവിശേഷതകളും വര്‍ധിച്ചു. ചൈനീസ് സ്വാധീനം വര്‍ധിക്കുകയും ചൈന-യുഎസ് ബന്ധം വഷളാവുകയും ചെയ്യുന്നതിനിടയില്‍, ബെയ്ജിംഗും വാഷിംഗ്ടണുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് യൂറോപ്യന്‍ യൂണിയന് കൂടുതല്‍ ബുദ്ധിമുട്ടാവുകയാണ്.
പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍, ചൈന വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ തടഞ്ഞുവെക്കുകയും ആഭ്യന്തരമായി സ്വതന്ത്ര റിപ്പോര്‍ട്ടര്‍മാരെ തടയുകയോ നിയന്ത്രിക്കുകയോ ചെയ്തു. തുടര്‍ന്ന്, മാസ്ക് നയതന്ത്രത്തിലൂടെയും വാക്സിനുകള്‍ നല്‍കുന്നതിലൂടെയും വിദേശത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട നടപടികളെ വിമര്‍ശിക്കുന്നതിനോട് അവര്‍ രൂക്ഷമായി പ്രതികരിച്ചു. പരിമിതമായ പ്രാരംഭ തിരിച്ചടി ഉണ്ടായിരുന്നിട്ടും, കോവിഡ് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ തടഞ്ഞില്ല. വാസ്തവത്തില്‍, മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളേക്കാള്‍ താരതമ്യേന മികച്ച രൂപത്തിലാണ് ചൈന മഹാമാരിയില്‍നിന്ന് പുറത്തുവന്നത്.
ആഭ്യന്തര അടിച്ചമര്‍ത്തലും പുറത്ത് ശക്തിപ്രകടനവും തൂടരാന്‍ ഇത് ചൈനയെ പ്രോത്സാഹിപ്പിച്ചു. സിന്‍ജിയാങ്ങിലും ഹോങ്കോംഗിലും ചൈന അടിച്ചമര്‍ത്തല്‍ ശക്തമാക്കി. അതുപോലെ തന്നെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഓര്‍ഗനൈസേഷനുമായുള്ള അന്താരാഷ്ട്ര സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു. ഹിമാലയത്തിലും കിഴക്കന്‍ ചൈനാ കടല്‍, ദക്ഷിണ ചൈനാ കടല്‍, തായ്വാന്‍ എന്നിവിടങ്ങളിലും ചൈന അതിര്‍ത്തികളില്‍ സമ്മര്‍ദ്ദം പുതുക്കുന്നു. ഈ മേഖലയിലെ പങ്കാളികളെ സംരക്ഷിക്കുന്നതിനുള്ള യുഎസ് പ്രതിബദ്ധത അതിലൂടെ ബെയ്ജിംഗ് നിരീക്ഷിക്കുകയാണ്. ട്രംപ് ഭരണത്തിന്‍ കീഴില്‍ ചൈനയെ തന്ത്രപരമായ എതിരാളിയായി യുഎസ് പ്രഖ്യാപിച്ചു. പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഈ കാഴ്ചപ്പാട് സ്ഥിരീകരിച്ചു. യുഎസ്-ചൈന ശത്രുത വരും വര്‍ഷങ്ങളിലെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ഘടനാപരമായ സവിശേഷതയാണെന്ന് പ്രസ്താവിച്ചു. ബെയ്ജിംഗിന്‍റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനെതിരെ പ്രതികരിക്കുന്നതിന് ജനാധിപത്യ രാജ്യങ്ങളുടെ സഖ്യങ്ങള്‍ സൃഷ്ടിക്കാന്‍ യുഎസ് ശ്രമിച്ചു. പ്രത്യേകിച്ചും ഇന്‍ഡോ പസഫിക്കില്‍. ഇക്കാരണത്താലാണ് ചൈന ക്വാഡ് സഖ്യത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത്. ഇക്കാര്യത്തില്‍ ഒപ്പം റഷ്യയെ കൂട്ടുപിടിക്കുകയും ചെയ്തു. പരമ്പരാഗത പങ്കാളികളായ യൂറോപ്പിനെ യുഎസ് ഒപ്പം നിര്‍ത്തുകയും ചെയ്യുന്നുണ്ട്.
ചൈനയെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാതെ, ബഹുരാഷ്ട്ര ഫോറങ്ങളില്‍ ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശം എന്നിവ സംരക്ഷിക്കുന്നതില്‍ യൂറോപ്പ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുഎസ് ആഗ്രഹിക്കുന്നു. സാങ്കേതിക കൈമാറ്റങ്ങള്‍ നിരോധിക്കുന്നതിലൂടെ ചൈനീസ് സൈനിക നവീകരണത്തെ തടയാന്‍ യൂറോപ്പ് സഹായിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു. സുരക്ഷാ പരിശോധനയിലൂടെ യൂറോപ്പിന്‍റെ ടെലികമ്മ്യൂണിക്കേഷനും മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രിക്കുന്നതില്‍ നിന്ന് ചൈനയെ തടയുകയും വേണം. ഹ്വാവെയ്യുമായുള്ള കരാറുകളിലൂടെ ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളെ യൂറോപ്പ് ആശ്രയിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ല.
ലിബറല്‍ ജനാധിപത്യത്തിനും ബഹുരാഷ്ട്ര പരിഹാരങ്ങള്‍ക്കും യുഎസ് പിന്തുണ പുനരാരംഭിച്ച ബൈഡനിലേക്ക് യുഎസ് മാറിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വളരെ സന്തോഷിച്ചു. എന്നിരുന്നാലും, ബൈഡന്‍ ചൈനയെക്കുറിച്ചുള്ള നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ യുഎസുമായി യോജിച്ച് ബെയ്ജിംഗിനെതിരെ ഒരു പൊതു മുന്നണി രൂപീകരിക്കുന്നതിനുള്ള നീക്കമാണ് യുഎസിന്‍റേത്. എന്നാല്‍ ഇതില്‍ യൂറോപ്പ് പൂര്‍ണ സന്തുഷ്ടരല്ല. ഈ വര്‍ഷത്തെ ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രഖ്യാപിച്ചു, “ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നത് ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”-എന്നത് ഇതിന് ഉദാഹരണമാണ്.
യൂറോപ്പ് അതിന്‍റെ ബഹുമുഖ സമീപനത്തില്‍ തൃപ്തരാണ്. കൂടാതെ അവര്‍ നയപരമായ പ്രശ്നങ്ങളുടെ മുഴുവന്‍ ശ്രേണിയിലും ചൈനയ്ക്കെതിരെ യുഎസുമായി സഹകരിക്കാന്‍ വിമുഖത കാണിക്കുന്നു. ചൈനയുടെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന വ്യാപാരത്തില്‍ നിന്നും നിക്ഷേപത്തില്‍ നിന്നും പ്രയോജനം നേടാന്‍ യൂറോപ്പ് താല്‍പ്പര്യപ്പെടുന്നുമുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ യൂറോപ്യന്‍ യൂണിയന്‍ ചൈനയുമായി നിക്ഷേപം സംബന്ധിച്ച ഒരു സമഗ്ര കരാറിലെത്തിയിരുന്നു. ഇത് യൂറോപ്യന്‍ കമ്പനികള്‍ക്ക് ചൈനയിലേക്കുള്ള കടന്നുവരവ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്‍റെ അവസാന നാളുകളില്‍ കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുത്തു. യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യൂറോപ്യന്‍ യൂണിയന് മെച്ചപ്പെട്ട വിലപേശല്‍ ശക്തി ലഭിക്കുമായിരുന്നു. അല്ലെങ്കില്‍ ഒരു ബഹുമുഖ കരാറിനായി പോകാമായിരുന്നു. എന്നിരുന്നാലും, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് വ്യക്തിപരമായി ഇടപെട്ട് ചൈനയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ ഉറപ്പാക്കാന്‍ അന്തിമ ഇളവുകള്‍ നല്‍കി. അങ്ങനെ യൂറോപ്യന്‍ യൂണിയനും യുഎസും തമ്മിലുള്ള ബന്ധത്തില്‍ നേരിയ വിള്ളലുണ്ടായി.
നിര്‍ണായക വിതരണത്തിനായി ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കാന്‍ യുഎസ് ശ്രമിക്കുന്നു. യൂറോപ്യന്‍ യൂണിയനും ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് താല്‍പര്യം കുറവാണെന്ന് തോന്നുന്നു. ഉദാഹരണത്തിന്, ജര്‍മ്മനി പുതിയ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകള്‍ക്കായി ഉപകരണങ്ങള്‍ നല്‍കാന്‍ ഹ്വാവെയ് കമ്പനിയെ അനുവദിക്കാന്‍ തീരുമാനിച്ചു. ചൈനയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഡിജിറ്റല്‍ ആശയവിനിമയത്തിനായി ഫ്രാന്‍സ് ചൈനയുടെ പീസ് കേബിള്‍ സ്വീകരിച്ചു. കൂടാതെ ഒരു ഹ്വാവെയ് ഫാക്ടറിയെ അവരുടെ പ്രദേശത്ത് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
യുഎസും മറ്റ് പങ്കാളികളുമായി ഏകോപിച്ച് മാര്‍ച്ച് 22 ന് യൂറോപ്യന്‍ യൂണിയന്‍ നാല് ചൈനീസ് വ്യക്തികള്‍ക്കും സിന്‍ജിയാങ്ങില്‍ അടിച്ചമര്‍ത്തലില്‍ ഏര്‍പ്പെട്ട ഒരു സ്ഥാപനത്തിനും ഉപരോധം ഏര്‍പ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞര്‍, എല്ലാ രാഷ്ട്രീയ വിഭാഗങ്ങളിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍, ഗവേഷകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ചൈന അതേ ദിവസം തന്നെ ആനുപാതികമായി പ്രതികരിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ഇത് യൂറോപ്യന്‍ പാര്‍ലമെന്‍റിന് ചൈനയുമായുള്ള സമഗ്ര വ്യാപാരകരാര്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാക്കും. യൂറോപ്യന്‍ യൂണിയനിലെ ചൈനയെക്കുറിച്ചുള്ള പൊതു ധാരണ കോവിഡ്, സാമ്പത്തിക ബലപ്രയോഗം, ഉപരോധം എന്നിവയിലൂടെ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ചൈന തന്നെ യൂറോപ്പിനെ യുഎസിന്‍റെ കൈകളിലേക്ക് നയിക്കുകയാണെന്ന് എത്തിക്കുകയാണെന്ന് തോന്നുന്നു.
നാറ്റോയിലൂടെ യൂറോപ്പിന്‍റെ സുരക്ഷയ്ക്ക് യുഎസ് ഉറപ്പ് നല്‍കുന്നത് തുടരുകയാണ്, ട്രാന്‍സ്-അറ്റ്ലാന്‍റിക് ബന്ധം യൂറോപ്യന്‍ യൂണിയന് ഒഴിച്ചുകൂടാനാവാത്തതാണ്. കൂടാതെ, ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ യുഎസുമായി യൂറോപ്യന്‍ യൂണിയന് കൂടുതല്‍ ഒത്തുചേരലുകള്‍ ഉണ്ട്. എന്നിരുന്നാലും, ചൈന വാഗ്ദാനം ചെയ്യുന്ന വ്യാപാര, നിക്ഷേപ അവസരങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാനും യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ആഭ്യന്തരവും ബാഹ്യവുമായ പെരുമാറ്റത്തിലൂടെ ചൈന ഈ സാഹചര്യം മോശമാക്കിയില്ലെങ്കില്‍,യൂറോപ്യന്‍ യൂണിയന്‍ യുഎസുമായും ചൈനയുമായും നല്ല ബന്ധം തുടരും. സുരക്ഷ, മൂല്യങ്ങള്‍, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ എന്നിവ സന്തുലിതമാക്കുന്നതാകും ഇത്.