കാലാവസ്ഥ വ്യതിയാന ഉച്ചകോടി; യുഎസ് പാക്കിസ്ഥാനെ അവഗണിക്കുന്നു
1 min readഇസ്ലാമബാദ്: അടുത്ത മാസം യുഎസ് ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വെര്‍ച്വല്‍ ഉച്ചകോടിയില്‍നിന്ന് പാക്കിസ്ഥാന്‍ ഒഴിവാക്കപ്പെട്ടതില്‍ ആ രാജ്യത്തെ പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഏപ്രില്‍ 22, 23 തീയതികളില്‍ വിളിച്ചുചേര്‍ത്ത ഉച്ചകോടിയില്‍ ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള 40 രാഷ്ട്രത്തലവന്മാരുടെയും സര്‍ക്കാരുകളുടെയും പങ്കാളിത്തമുണ്ടെന്നാണ് അറിയുന്നത്. വൈറ്റ് ഹൗസില്‍ നിന്നുള്ള വിശദാംശങ്ങള്‍ അനുസരിച്ച്, ‘വെര്‍ച്വല്‍ ഉച്ചകോടിയില്‍ റഷ്യ, ചൈന, അര്‍ജന്‍റീന, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, ജര്‍മ്മനി, ഇസ്രയേല്‍, കാനഡ, ജപ്പാന്‍, ഇറ്റലി, കെനിയ, മെക്സിക്കോ, ഡെന്‍മാര്‍ക്ക്, കൊളംബിയ, കോംഗോ, ചിലി, ജമൈക്ക എന്നീ രാജ്യങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.
പാക്കിസ്ഥാനെ ഒഴിവാക്കിയത് പലരും ആശ്ചര്യത്തോടെയാണ് കണ്ടത്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിട്ടുമുണ്ട്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ എന്നതാണ് അതിനുകാരണം. ഉച്ചകോടിയില്‍ നിന്ന് ഇസ്ലാമബാദിനെ ഒഴിവാക്കിയത് അമേരിക്കന്‍ നേതൃത്വത്തിന്‍റെ ദൃഷ്ടിയില്‍ രാജ്യത്തിന് പ്രാധാന്യം നഷ്ടപ്പെട്ടുവെന്ന മുന്‍ യുഎസ് സ്ഥാനപതിയുടെ പ്രസ്താവനയുമായി ബന്ധപ്പെടുത്താവുന്നതാണെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കമ്രാന്‍ യൂസഫ് അഭിപ്രായപ്പെട്ടു. ഈ പ്രസ്താവന പാക്കിസ്ഥാനെക്കുറിച്ച് നിലവിലെ യുഎസ് നേതൃത്വം എന്താണ് ചിന്തിക്കുന്നതെന്നും അത് ഒരു വേക്ക് അപ്പ് കോള്‍ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഇപ്പോഴത്തെ നേതൃത്വത്തിന്‍റെ പ്രധാന അജണ്ട കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നതാണെന്ന് മറ്റൊരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദക്ഷിണേഷ്യന്‍ കാര്യ വിദഗ്ധനുമായ മൈക്കല്‍ കുഗല്‍മാന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അവര്‍ ഉച്ചകോടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇനി വിഷയത്തില്‍ യുഎസ് പ്രസിഡന്‍റ് ഒരു പുനര്‍വിചിന്തനം നടത്തിയാല്‍ മാത്രമെ ഇസ്ലാമബാദ് സമ്മേളനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളു.
ഇമ്രാന്‍ ഖാന്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഇല്ല എന്നതില്‍ പാക്കിസ്ഥാനിലെ പലരും അസന്തുഷ്ടരാണ്. യുഎസിന്‍റെ അടുത്ത പങ്കാളി അല്ലെങ്കില്‍ അതിവേഗം മലിനീകരിക്കപ്പെടുന്ന രാജ്യം അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് എന്ന നിലയില്‍ യുഎസ് ഇസ്ലാമബാദിനെ പരിഗണിക്കണമായിരുന്നു എന്ന് കുഗല്‍മാന്‍ ട്വീറ്റ് ചെയ്തു. നിരവധി പ്രകൃതിദുരന്തങ്ങള്‍, ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങള്‍, ജലക്ഷാമം എന്നിവ കാരണം ലോകത്തിലെ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള അഞ്ചാമത്തെ രാജ്യം കൂടിയാണിത്.