പുതിയ ആര്‍ബിഐ നിബന്ധന, ഓട്ടോമാറ്റിക് പേമെന്‍റുകള്‍ തടസപ്പെട്ടേക്കും
കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് ബാങ്കുകളും പേമെന്‍റ് ഗേറ്റ്വേകളും അറിയിച്ചിട്ടുള്ളത്
ന്യൂഡെല്‍ഹി: ഒരിക്കല്‍ നല്‍കിയ അനുവാദത്തിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ എക്കൗണ്ടുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഓട്ടോമാറ്റിക് പേമെന്‍റ് ഇടപാടുകളില്‍ ഇന്ന് മുതല്‍ തടസം നേരിട്ടേക്കും. ആര്‍ബിഐയുടെ, ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിബന്ധനയാണ് ഇതിന് കാരണം.
കാര്‍ഡുകള്‍ അല്ലെങ്കില്‍ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകള്‍ (പിപിഐ) അല്ലെങ്കില്‍ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തുന്ന ആവര്‍ത്തന ഇടപാടുകള്‍ അഡിഷ്ണല്‍ ഫാക്റ്റര്‍ ഓതന്‍റിഫിക്കേഷനുമായി (എഎഫ്എ) യോജിപ്പിച്ചിട്ടില്ലെങ്കില്‍ അവയുടെ പ്രോസസിംഗ് 2021 മാര്‍ച്ച് 31 ന് ശേഷം തുടരില്ലെമേമേ ആര്‍ആര്‍ബി, എന്‍ബിഎഫ്സി, പേയ്മെന്‍റ് ഗേറ്റ്വേ എന്നിവ ഉള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും ആര്‍ബിഐ നിര്‍ദേശം നല്‍കി. 2020 ഡിസംബര്‍ 4നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ആര്‍ബിഐ പുറത്തിറക്കിയത്.
കാര്‍ഡ് ഇടപാടുകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര ബാങ്ക് ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് ബാങ്കുകളും പേമെന്‍റ് ഗേറ്റ്വേകളും അറിയിച്ചിട്ടുള്ളത്. പല ഓണ്‍ലൈന്‍ വ്യാപാരികളും കാര്‍ഡ് നെറ്റ്വര്‍ക്കുകളും പുതിയ നിബന്ധനകള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തിയിട്ടില്ല.
യൂട്ടിലിറ്റി ബില്ലുകള്‍, ഫോണ്‍ റീച്ചാര്‍ജ്, ഒടിടി ബില്ലുകള്‍, ഡിടിഎച്ച് ബില്ലുകള്‍ എന്നിവയുടെയെല്ലാം ഓട്ടോമാറ്റിക് പേമെന്‍റ് തടസപ്പെടുന്ന സാഹചര്യം ഇതുമൂലം ഉണ്ടായേക്കാം. ഒരിക്കല്‍ അനുമതി നല്‍കി കാലാവധി തീരുന്നതിന് അനുസരിച്ച് കൃത്യമായി ഓട്ടോമാറ്റിക്കായി പേമെന്‍റുകള്‍ നല്‍കുന്ന തരത്തിലാണ് പല ഉപഭോക്താക്കളും ഇത്തരം സേവനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.