നവംബറിൽ യുകെ സമ്പദ് വ്യവസ്ഥ 2.6 ശതമാനം ചുരുങ്ങി; ഏപ്രിലിന് ശേഷമുള്ള ആദ്യ ഇടിവ്
1 min read
ലണ്ടൻ: കഴിഞ്ഞ നവംബറിൽ യുകെ സമ്പദ് വ്യവസ്ഥ 2.6 ശതമാനം ചുരുങ്ങിയതായി റിപ്പോർട്ട്. കോവിഡ്-19 പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനായി ഏപ്രിലിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഒരു മാസം ആഭ്യന്തര ഉൽപ്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ ഇടിവ് റോയിട്ടേഴ്സ് പ്രവചിച്ചിരുന്ന 5.7 ശതമാനത്തേക്കാൾ താഴെയാണ്. 2020ലെ അവസാന മൂന്ന് മാസങ്ങളിൽ ബ്രിട്ടൻ സമ്പദ് വ്യവസ്ഥ 1 ശതമാനം ചുരുങ്ങുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടൽ. ജനുവരി മുതൽ പുതിയ ലോക്ക്ഡൌൺ രാജ്യത്ത് നിലവിൽ വന്നതിനാൽ യുകെ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.
നവംബറിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 900 ബില്യൺ പൌണ്ടിന്റെ കടപ്പത്രം വാങ്ങൽ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. കൂടുതൽ ഉത്തേജന പാക്കേജുകൾ ആവശ്യമാണോ എന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു.