ഡിജിറ്റല്‍വല്‍ക്കരണം: യുഎഇ ധനമന്ത്രാലയത്തിന്റെ എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചു
സേവനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ യജ്ഞത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം
ദുബായ്: സേവനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി യുഎഇ ധനമന്ത്രാലയം രാജ്യത്തെ എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ഭരണകൂട തീരുമാനത്തിന്റെ ഭാഗമായി ധനമന്ത്രാലയത്തിന്റെ എല്ലാ ഹാപ്പിനസ് സെന്ററുകളും അടയ്ക്കുന്നതായി മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ സൗകര്യപ്രദമായി സേവനങ്ങള്‍ ലഭ്യമാകുന്ന സംവിധാനങ്ങള്‍ക്ക് തുടക്കമിടുന്ന രാജ്യത്തെ പ്രഥമ മന്ത്രാലയങ്ങളില്‍ ഒന്നാണ് ധനമന്ത്രാലയം. ഫെഡറല്‍ സര്‍ക്കാരിന്റെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നവയെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാക്കി മാറ്റാനുമുള്ള പദ്ധതി കഴിഞ്ഞ മാസം യുഎഇയിലെ മന്ത്രിതല വികസന സമിതി ചര്‍ച്ച ചെയ്തിരുന്നു.
ആദ്യഘട്ടത്തില്‍ 282 സേവന കേന്ദ്രങ്ങളാണ് അടച്ചുപൂട്ടുക. ഇതില്‍ 59 കേന്ദ്രങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ അടയ്ക്കും. ബാക്കിയുള്ളവ അടുത്ത വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി അടയ്ക്കും.
സ്മാര്‍ട്ട് സേവനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് മുതല്‍ ഡ്രാഗണ്‍ മാര്‍ട്ട് 2ലെ ഉപഭോക്തൃ സേവന കേന്ദ്രം അടയ്ക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് ഈ മാസം തുടക്കത്തില്‍ അറിയിച്ചിരുന്നു.