October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസ്‌കാരിക, സര്‍ഗാത്മക മേഖലകളില്‍ അബുദാബി ആറ് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

1 min read

അഞ്ച് വര്‍ഷ നിക്ഷേപ പദ്ധതി സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി പകരുമെന്നും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും പ്രതിഭകളെ എമിറേറ്റിലേക്ക് ആകര്‍ഷികക്കുമെന്നുമാണ് അബുദാബി പ്രതീക്ഷിക്കുന്നത്.

അബുദാബി: അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ സാംസ്‌കാരിക, സര്‍ഗാത്മക വ്യവസായ മേഖലകളില്‍ ആറ് ബില്യണ്‍ ഡോളര്‍(22 ബില്യണ്‍ ദിര്‍ഹം) നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് അബുദാബി. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനും പ്രതിഭകളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി വര്‍ധിപ്പിക്കാന്‍ പുതിയ നിക്ഷേപം സഹായിക്കുമെന്നാണ് അബുദാബിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി സാംസ്‌കാരിക, സര്‍ഗാത്മക മേഖലകളില്‍ 8.5 ബില്യണ്‍ ദിര്‍ഹം ചിലവിട്ടതിന് ശേഷമാണ് 22 ബില്യണ്‍ ദിര്‍ഹം കൂടി ഈ മേഖലകള്‍ക്കായി മാറ്റിവെക്കാന്‍ അബുദാബി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സായിദ് നാഷണല്‍ മ്യൂസിയം, ഗഗ്ഗന്‍ഹീം അബുദാബി പോലുള്ള മ്യൂസിയങ്ങളുടെ നിര്‍മാണത്തിനും പെര്‍ഫോമിംഗ് ആര്‍ട്‌സ്, സംഗീതം, മാധ്യമരംഗം, ഗെയിമിംഗ് മേഖല എന്നീ മേഖലകളിലെ നിക്ഷേപത്തിനുമാണ് തുക ചിലവഴിക്കുകയെന്ന് അബുദാബിയിലെ സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) അറിയിച്ചു.

  ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍

സാംസ്‌കാരിക മേഖലയിലെ പാരമ്പര്യമായ ഘടകങ്ങളെ ആധുനിക സര്‍ഗാത്മക മേഖലകളുമായി ഒന്നിപ്പിക്കുകയും വിവിധതലങ്ങളിലുള്ള ബിസിനസുകള്‍ക്കും സൃഷ്ടാക്കള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും ഇപ്പോഴും വരും  വര്‍ഷങ്ങളിലും പുതിയ കണ്ടെത്തലുകള്‍ നടത്തി മുന്നേറാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് ഡിസിടി അബുദാബി ചെയ്യുന്നതെന്ന് ഡിസിടി ചെയര്‍മാന്‍ ആയ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.

കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് ശേഷം എണ്ണ വരുമാനത്തിനപ്പുറം ഉന്നത മൂല്യ വര്‍ധിത മേഖലകള്‍ ഊന്നല്‍ നല്‍കാനുള്ള അബുദാബിയുടെ നയത്തിന്റെ ഭാഗമാണ് പുതിയ പദ്ധതിയും. കലാരംഗത്ത് അബുദാബി നേരത്തെയും ഭീമമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. സാംസ്‌കാരിക ടൂറിസം നഗരമെന്ന പ്രതിച്ഛായയിലേക്ക് അബുദാബിയെ കൊണ്ടുവരിക, അവിടുത്തെ കലാസൃഷ്ടികള്‍ കാണുന്നതിനായി ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ അബുദാബിയിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2017ല്‍ എമിറേറ്റില്‍ ലൂവ്‌റൈ മ്യൂസിയം തുറന്നത്. വരാനിരിക്കുന്ന കൂടുതല്‍ വന്‍കിട പദ്ധതികളിലേക്കാണ് സാംസ്‌കാരിക വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പുതിയ നിക്ഷേപം എത്തുക. അബുദാബിയുടെ ചരിത്രവും രാഷ്ട്രപിതാവായ ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിതവും പ്രദര്‍ശിപ്പിക്കുന്ന സായിദ് നാഷണല്‍ മ്യൂസിയം, ആധുനിക, സമകാലിക കലകള്‍ സമന്വയിക്കുന്ന ഗഗ്ഗെന്‍ഹീം അബുദാബി, എബ്രഹാമിക് ഫാമിലി ഹൗസ് എന്നിവ അവയില്‍ ചിലതാണ്. ഇവ മൂന്ന് സാദിയാത്ത് സാംസ്‌കാരിക ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

നിലവില്‍ 20,000 ആളുകളാണ് എമിറേറ്റിലെ സാംസ്‌കാരിക, സര്‍ഗാത്മക വ്യവസായ മേഖലകളില്‍ തൊഴിലെടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം എത്തുന്നതോടെ പുതിയതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മള്‍ട്ടിമീഡിയ, ഗെയിമിംഗ് മേഖലകളില്‍ 160,000 പുതിയ തൊഴിലുകളാണ് ലക്ഷ്യമിടുന്നതെന്ന് ഡിസിടി അബുദാബിയിലെ അണ്ടര്‍ സെക്രട്ടറി സഊദ് അല്‍ ഹൊസ്‌നി പറഞ്ഞു. ആയിരക്കണക്കിന് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതോടെ ഈ മേഖലയുടെ സാമ്പത്തിക പങ്കാളിത്തം വന്‍തോതില്‍ ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രതിഭകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി, നൈപൂണ്യമുള്ള പ്രൊഫഷണലുകള്‍ക്ക് രാജ്യത്ത് എത്തിച്ചേരുന്നതിനുള്ള പ്രവേശന നടപടികള്‍ എളപ്പത്തിലാക്കുന്ന ക്രിയേറ്റീവ് വിസ പദ്ധതി അബുദാബി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടകം ആയിരത്തോളം പേരാണ് ഇതിനായി അപേക്ഷിച്ചിരിക്കുന്നതെന്ന് ഹൊസ്‌നി വെളിപ്പെടുത്തി. ജോലിയില്‍ സ്ഥിരത നേടാനും  വികസനത്തിനും വളര്‍ച്ചയ്ക്കും സമാനതകളില്ലാത്ത അവസരങ്ങള്‍ നല്‍കുന്ന ദീര്‍ഘകാല കരിയര്‍ സ്വന്തമാക്കാനും ദശാബ്ദങ്ങളോളം എമിറേറ്റില്‍ മികച്ച ജീവിതം നയിക്കാനും സര്‍ഗാത്മക പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ സാഹചര്യം എണിമേറ്റില്‍ ഒരുക്കിക്കൊടുക്കുകയാണ് തങ്ങുടെ സ്വപ്‌നമെന്നും ഹൊസ്‌നി വ്യക്തമാക്കി.

  വരിന്ദേര കണ്‍സ്ട്രക്ഷന്‍സ് ഐപിഒയ്ക്ക്

അബുദാബിയില്‍ ജോലി ചെയ്യാനും ജീവിക്കാനും പ്രതിഭകളെ ആകര്‍ഷിക്കുക എന്നതിനൊപ്പം ടൂറിസം വളര്‍ച്ചയിലും സാംസ്‌കാരിക, സര്‍ഗാത്മക മേഖലകള്‍ വലിയ പ്ങ്ക് വഹിക്കുന്നുണ്ട്. 2020ല്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാവിലക്കുകള്‍ ഉണ്ടായിട്ട് പോലും ആറ് മില്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഡിസിടിക്ക് കഴിഞ്ഞതായി ഹൊസ്‌നി അറിയിച്ചു. സിനിമ, ടിവി, മള്‍ട്ടിമീഡിയ, ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ് എന്നീ ആധുനിക മേഖലകളെ  നിലവിലെ പാരമ്പര്യം, കരകൗശലം, ഡിസൈന്‍, പ്രസിദ്ധീകരണം, ദൃശ്യ, പെര്‍ഫോമിംഗ് കലകള്‍ എന്നിവയുമായി ചേര്‍ത്തിണക്കി ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് എമിറേറ്റ് ശ്രമിക്കുന്നത്.

Maintained By : Studio3