November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎഇയിലേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ടുവരാം, എന്ത് പാടില്ല

1 min read

ദുബായ്: സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി യുഎഇയിലേക്കും യുഎഇയില്‍ നിന്നുമുള്ള യാത്രക്കാര്‍ ഗള്‍ഫ് മേഖലയിലെ ഏകീകൃത കസ്റ്റംസ് നിയമങ്ങളും രാജ്യത്തിന് പ്രത്യേകമായുള്ള നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് യുഎഇയിലെ ഫെഡറല്‍ കസ്റ്റംസ് അതോറിട്ടി (എഫ്‌സിഎ). യുഎഇ യാത്രകളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാനാകുന്നതും നിരോധനമേര്‍പ്പെടുത്തിയതുമായ സാധനങ്ങള്‍ അടങ്ങിയ പട്ടിക എഫ്‌സിഎ പുറത്തിറക്കി. യാത്രക്കാര്‍ കയ്യില്‍ കരുതാകുന്ന പരമാവധി തുകയ്ക്കും എഫ്‌സിഎ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

3,000 ദിര്‍ഹത്തില്‍ (60,000 രൂപ) കൂടുതല്‍ വില മതിക്കുന്ന ഉപഹാരങ്ങള്‍ യാത്രാവേളയില്‍ കയ്യിലുണ്ടാകരുത്. യുഎഇയിലേക്ക് എത്തിച്ചേര്‍ന്നതും യുഎഇയില്‍ നിന്ന് പുറപ്പെടുന്നതുമായ എല്ലാ യാത്രക്കാരും കയ്യിലുള്ള കറന്‍സികള്‍  എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കണം. 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള വിലപിടിപ്പുള്ള കല്ലുകള്‍ കയ്യില്‍ കരുതരുത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

 

അനുവദിനീയമായ സാധനങ്ങള്‍

ഡിജിറ്റല്‍ കാമറകള്‍, ടിവി, റിസീവര്‍ (ഒരെണ്ണം വീതം), വ്യക്തിഗത കായിക ഉപകരണങ്ങള്‍, കൊണ്ടുനടക്കാന്‍ കഴിയുന്ന കംപ്യൂട്ടറുകള്‍, പ്രിന്ററുകള്‍, സ്വന്തം ആവശ്യത്തിനുള്ള മരുന്നുകള്‍ (നിബന്ധനകള്‍ക്ക് വിധേയം), ചലച്ചിത്ര പ്രദര്‍ശന ഉപകരണങ്ങള്‍, റേഡിയോ, സിഡി പ്ലയറുകള്‍ എന്നിവ യുഎഇയിലേക്കോ യുഎഇയില്‍ നിന്നോ ഉള്ള യാത്രകളില്‍ യാത്രക്കാര്‍ക്ക് കയ്യില്‍ കരുതാം. ഒരു വ്യക്തി പരമാവധി 200ല്‍ കൂടുതല്‍ സിഗരറ്റുകള്‍ കൊണ്ടുവരരുത്. പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവര്‍ മദ്യമോ പുകയില ഉല്‍പ്പന്നങ്ങളോ കൊണ്ടുവരരുത്.

 

നിരോധിച്ച സാധനങ്ങള്‍

മയക്കുമരുന്നുകള്‍, വെറ്റില ഉള്‍പ്പടെയുള്ള മുറുക്കാന്‍ സാധനങ്ങള്‍, ചൂതുകളി ഉപാധികളും യന്ത്രങ്ങളും, നൈലോണ്‍ നിര്‍മ്മിത മീന്‍വല, പന്നി വിഭാഗത്തില്‍ പെട്ട ജീവനുള്ള മൃഗങ്ങള്‍, ആനക്കൊമ്പ്, ചുവന്ന ലൈറ്റോടുകൂടിയ ലേസര്‍ പേനകള്‍, വ്യാജ കറന്‍സികള്‍, പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍, മതങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ളതോ അസന്മാര്‍ഗികമോ ആയ ചിത്രങ്ങള്‍ ശില്‍പ്പങ്ങള്‍ എന്നിവ യാത്രാവേളയില്‍ കയ്യില്‍ കരുതരുത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

 

നിയന്ത്രണമുള്ള സാധനങ്ങള്‍

നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നത് ബന്ധപ്പെട്ട അധികാരികളുടെ അനുമതി നേടിയതിന് ശേഷമായിരിക്കണം. ജീവനുള്ള മൃഗങ്ങള്‍, ചെടികള്‍, വളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടക വസ്തുക്കള്‍, പടക്കങ്ങള്‍, മരുന്നുകള്‍, ലഹരി മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങള്‍-ഉല്‍പ്പന്നങ്ങള്‍, പുതിയ വാഹനങ്ങളുടെ ടയറുകള്‍, ട്രാന്‍സ്മിഷന്‍-വയര്‍ലെസ്സ് ഉപകരണങ്ങള്‍,ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍, രത്‌നക്കല്ലുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് നിയന്ത്രിത ഉല്‍പ്പന്നങ്ങളായി എഫ്‌സിഎ പട്ടികപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാന, പാരിസ്ഥിതിക മന്ത്രാലയം, പ്രതിരോധ സായുധ സേന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സാംസ്‌കാരിക യുവജനക്ഷേമ മന്ത്രാലയം, വ്യാവസായിക ആധുനിക സാങ്കേതിക വിദ്യ മന്ത്രാലയം, ആണവോര്‍ജ അതോറിട്ടി, ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിട്ടി, ദുബായ് പോലീസ് അടക്കമുള്ള അധികാര കേന്ദ്രങ്ങളില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷമേ നിയന്ത്രിത വിഭാഗത്തില്‍ പെട്ട സാധനങ്ങള്‍ യാത്രാവേളയില്‍ കയ്യില്‍ കരുതാകൂ.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

 

ശിക്ഷ

അനധികൃത സാധനങ്ങള്‍ കൊണ്ടുപോകുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയോ അല്ലെങ്കില്‍ ജയില്‍ശിക്ഷ നല്‍കുകയോ ചെയ്യും.

Maintained By : Studio3