ഇന്ത്യയില്‍ ട്വിറ്ററിന്‍റെ ഇടനില പ്ലാറ്റ്ഫോം പദവി എടുത്തുകളഞ്ഞു
പുതിയ ഇന്‍റര്‍മീഡിയറി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി
ന്യൂഡെല്‍ഹി: പുതിയ ഇന്‍റര്‍മീഡിയറി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്‍റെ ഇടനില പ്ലാറ്റ്ഫോം പദവി ( ഇന്‍റര്‍മീഡിയറി പ്ലാറ്റ്ഫോം സ്റ്റാറ്റസ്) നഷ്ടപ്പെട്ടു. ഉപയോക്താക്കളുടെ വിവിധ പോസ്റ്റുകളുടെ പേരില്‍ നിയമപരമായി വിചാരണ ചെയ്യുന്നതില്‍ നിന്ന് പരിരക്ഷ നല്‍കുന്നതാണ് ഈ പദവി. ഈ പദവി നഷ്ടമാകുന്നതോടെ രാജ്യത്തിനകത്ത് ട്വിറ്ററിനെ ഉള്ളടക്കങ്ങളുടെ പേരില്‍ വിചാരണ ചെയ്യാനാകും.
ട്വിറ്ററിന് സുരക്ഷിത പരിച ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റിലൂടെ തന്നെ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് അദ്ദേഹം തുടര്‍ച്ചയായി നടത്തിയത്. “മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇന്‍റര്‍മീഡിയറി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടു എന്നതാണ് ഇതിന്‍റെ ലളിതമായ വസ്തുത,” രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
വ്യാജവാര്‍ത്തകള്‍ക്കെതിരേ പോരാടുന്നതില്‍ ട്വിറ്റര്‍ ഏകപക്ഷീയ സ്വഭാവം കാണിക്കുന്നുവെന്നും യുപിയില്‍ നിന്നുള്ള ഒരു വിഡിയോ അടുത്തിടെ ഏറെ കോലാഹാലം സൃഷ്ടിച്ചതില്‍ ഈ ഇരട്ടത്താപ്പ് കാണാമെന്നും മന്ത്രി പറയുന്നു. വ്യാജവാര്‍ത്തകള്‍ക്കും വിദ്വേഷപ്രചാരണങ്ങള്‍ക്കും വ്യാജപ്രൊഫൈലുകള്‍ക്കും എതിരേ സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ അല്‍പ്പകാലമായി ട്വിറ്ററും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും തമ്മില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.
പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരേ നേരത്തേ ട്വിറ്റര്‍ രംഗത്തുവന്നിരുന്നു. ചട്ടങ്ങള്‍ പാലിക്കുന്നതിനുള്ള അവസാന തീയതിക്കു ശേഷം അന്തിമ മുന്നറിയിപ്പ് കേന്ദ്രം നല്‍കി. ഇതിനു പിന്നാലെ ചട്ടങ്ങള്‍ പാലിക്കാന്‍ തയാറാണെന്നും ഇതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ആവശ്യപ്പെട്ടു. സര്‍ക്കാരുമായി വ്യക്തതയ്ക്കായി കൂടുതല്‍ ചര്‍ച്ച നടത്തുകയാണെന്നും ട്വിറ്റര്‍ പറഞ്ഞിരുന്നു.
പുതിയ ചട്ടങ്ങള്‍ക്ക് അനുസൃതമായി ഒരു ഇടക്കാല ചീഫ് കംപ്ലയിന്‍സ് ഓഫീസറെ നിയമിച്ചതായി ചൊവ്വാഴ്ച കമ്പനി അറിയിച്ചിരുന്നു. അതിന്‍റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ ഐടി മന്ത്രാലയവുമായി പങ്കിടും. ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളും പുതിയ ചട്ടങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ അന്തിമമാക്കുന്നതിനുള്ള ശ്രമത്തിലാണ്.