അന്ത്യശാസനത്തില്‍ വഴങ്ങി ട്വിറ്ററും; ഐടി നിയമം പാലിക്കും
1 min readന്യൂഡെല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അന്തിമ മുന്നറിയിപ്പിന് പിന്നാലെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ അനുരഞ്ജനത്തിന്‍റെ പാതയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ തയാറാണെന്നും എന്നാല്‍ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യം കണക്കിലെടുത്ത് ഇവ നടപ്പാക്കുന്നതിന് കൂടുതല്‍ സമയമാണെന്നും ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘ പുതുക്കിയ ഐടി ചട്ടങ്ങള്‍ പാലിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലെ പുരോഗതിയും അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള ആശയവിനിമയം തുടരുകയാണ്,’ ട്വിറ്റര്‍ വക്താവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ കൂച്ചുവിലങ്ങിടുന്നതാണ് കേന്ദ്രം പുതുതായി കൊണ്ടുവന്ന ചട്ടങ്ങള്‍ എന്ന നിലപാടായിരുന്നു ട്വിറ്റര്‍ ആദ്യം സ്വീകരിച്ചത്.
ട്വിറ്റര്‍ ഐടി ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ നടപടികള്‍ എടുക്കുമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെല ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം ട്വിറ്ററിന് അന്തിമമായി ഒരു നോട്ടീസ് കൂടി നല്‍കിയിരുന്നു. ഐടി നിയമത്തിലെ 79-ാം സെക്ഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് ട്വിറ്ററിന് അര്‍ഹതയില്ലാതാകുമെന്നും ചട്ടം പാലിക്കാതിരിക്കുന്നതിന്‍റെ ഫലമായുള്ള മറ്റു നിയമനടപടികളും ഉണ്ടാകുമെന്നും ഇതില്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് ചട്ടങ്ങള്‍ പാലിക്കാന്‍ തയാറാണെന്ന് ട്വിറ്റര്‍ അറിയിച്ചത്. ട്വിറ്റര്‍ ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്തമാണെന്ന് നേരത്തേ ഡെല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും ഐടി ചട്ടം പാലിക്കുന്നതിനുള്ള സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ട്.