സ്ത്രീകള്‍ക്കായി ബോട്ട് ‘ടിറെബല്‍’ വിപണിയില്‍
പുതിയ കളര്‍ ഓപ്ഷനുകളിലാണ് സ്ത്രീകള്‍ക്കായി പ്രത്യേകം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്
ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കായി ബോട്ട് ‘ടിറെബല്‍’ ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചു. പുതിയ കളര്‍ ഓപ്ഷനുകളിലാണ് സ്ത്രീകള്‍ക്കായി പ്രത്യേകം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. വയേര്‍ഡ്, വയര്‍ലെസ്, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഉള്‍പ്പെടെ നിലവിലെ വിവിധ ബോട്ട് ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളുമാണ് സ്ത്രീകള്‍ക്കായി പ്രത്യേകം വിപണിയിലെത്തിച്ചത്.
എന്‍ട്രി ലെവല്‍ ഉല്‍പ്പന്നമായ ബോട്ട് ബാസ്‌ഹെഡ്‌സ് 100, ഫീച്ചറുകളാല്‍ സമൃദ്ധമായ ബോട്ട് എയര്‍ഡോപ്‌സ് 441 പ്രോ ഉള്‍പ്പെടെ സ്ത്രീകള്‍ക്കായി ഇപ്പോള്‍ പുറത്തിറക്കി. പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് 399 രൂപ (ബോട്ട് ബാസ്‌ഹെഡ്‌സ് 100) മുതല്‍ 2,999 രൂപ (ബോട്ട് എയര്‍ഡോപ്‌സ് 441 പ്രോ) വരെയാണ് വില. പുതിയ ടിറെബല്‍ ഉല്‍പ്പന്നങ്ങള്‍ വഴി സ്ത്രീ ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് ബോട്ട് ലക്ഷ്യമിടുന്നത്. ബോട്ടിന്റെ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറിലും ഇ കൊമേഴ്‌സ് പോര്‍ട്ടലുകളിലും പുതിയ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.
ശ്രദ്ധ പിടിച്ചുപറ്റുന്ന പുതിയ കളര്‍ ഓപ്ഷനുകളാണ് പുതിയ ബോട്ട് ടിറെബല്‍ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത. ഈ നിറങ്ങള്‍ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ബോട്ട് പ്രതീക്ഷിക്കുന്നു. നീല, ലൈം, പിങ്ക്, ചുവപ്പ്, മഞ്ഞ നിറങ്ങളിലും വ്യത്യസ്ത ഷേഡുകളിലുമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന ബോട്ടിന്റെ ഓഡിയോ ഉല്‍പ്പന്നങ്ങളില്‍നിന്ന് വ്യത്യസ്തമായ കളര്‍ ഓപ്ഷനുകളാണ് പുതിയ നിറങ്ങള്‍.
പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണന ആവശ്യങ്ങള്‍ക്കായി വീഡിയോ കൂടി കമ്പനി പുറത്തുവിട്ടു. റാപ്പര്‍ രാജ കുമാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബോട്ട് ബ്രാന്‍ഡ് അംബാസഡറും നടിയുമായ കിയാറ അദ്വാനി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. ഓഡിയോ ആക്‌സസറികളുടെ കാര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡാണ് ബോട്ട്. ടിഡബ്ല്യുഎസ് സെഗ്‌മെന്റില്‍ വളരെ മുന്നിലാണ്. ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍, നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ വയര്‍ലെസ് ഇയര്‍ഫോണുകള്‍, വയര്‍ലെസ് ഹെഡ്‌ഫോണുകള്‍, വയേര്‍ഡ് ഇയര്‍ഫോണുകള്‍ എന്നിവ ഉള്‍പ്പെടുന്നു.