അഞ്ച് പുതിയ ഡാറ്റ പ്ലാനുകളുമായി ജിയോ
22 രൂപ മുതല്‍ 152 രൂപ വരെ വിലയുള്ള പ്ലാനുകളാണ് കമ്പനി പുറത്തിറക്കിയത്
ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ അഞ്ച് പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചു. 22 രൂപ മുതല്‍ 152 രൂപ വരെ വിലയുള്ള പ്ലാനുകളാണ് കമ്പനി പുറത്തിറക്കിയത്. ദിവസവും 2 ജിബി ഡാറ്റ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഈ പ്ലാനുകള്‍ നല്‍കുന്നത്. അഞ്ച് പുതിയ ജിയോഫോണ്‍ ഡാറ്റ പ്ലാനുകളും 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. പുതിയ അഞ്ച് ഡാറ്റ പ്ലാനുകള്‍ക്ക് 22 രൂപ, 52 രൂപ, 72 രൂപ, 102 രൂപ, 152 രൂപ എന്നിങ്ങനെയാണ് വില.
വെറും 22 രൂപ വിലയുള്ള പ്ലാന്‍ 2 ജിബി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് നല്‍കുന്നത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ന്യൂസ് തുടങ്ങിയ ജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും. 6 ജിബി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നതാണ് 52 രൂപയുടെ ഡാറ്റ പ്ലാന്‍. 6 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ചതിനുശേഷം ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് വേഗതയില്‍ ഡാറ്റ ബ്രൗസ് ചെയ്യാന്‍ കഴിയും.
ദിവസേനയുള്ള ഡാറ്റ ആനുകൂല്യം ലഭിക്കുന്ന പ്ലാനാണ് 72 രൂപയുടേത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ ദിവസേന 0.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. വാലിഡിറ്റി കാലയളവില്‍ ആകെ 14 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ നല്‍കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 1 ജിബി ഡാറ്റ ലഭിക്കുന്നതാണ് 102 രൂപയുടെ പ്ലാന്‍. അവസാനത്തെ പ്ലാന്‍ 152 രൂപ വിലയുള്ളതാണ്. ഈ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ദിവസേന 2 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. അതായത്, ആകെ വാലിഡിറ്റി കാലയളവില്‍ 56 ജിബി ഡാറ്റ ഉപയോഗിക്കാം.