അകിയോ ടൊയോഡ വേള്‍ഡ് കാര്‍ പേഴ്‌സണ്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 93 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ പേഴ്‌സണായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഒയുമായ അകിയോ ടൊയോഡയെ തെരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 93 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ലോകമെങ്ങുമുള്ള 3.60 ലക്ഷം ടൊയോട്ട ടീം അംഗങ്ങള്‍ക്കുവേണ്ടി നന്ദി അറിയിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.
കൊവിഡ് കാലത്തുപോലും 2020 ല്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍പ്പന നടത്തിയ വാഹന നിര്‍മാതാക്കളെന്ന പദവി ഫോക്‌സ്‌വാഗണില്‍നിന്ന് ടൊയോട്ട തിരികെ പിടിച്ചിരുന്നു. മാത്രമല്ല, ടൊയോഡയുടെ നേതൃത്വത്തില്‍ കമ്പനി ലാഭകരമായി നിലകൊണ്ടു. കണക്റ്റഡ്, ഓട്ടോണമസ്, ഷെയേര്‍ഡ്, ഇലക്ട്രിക് (കേസ്) വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരികയാണ് അകിയോ ടൊയോഡ. ‘ഭാവിയുടെ നഗരം’ നിര്‍മിക്കുന്നതിന് ആദ്യ മാതൃക നിര്‍മിക്കാന്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ടൊയോട്ട പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് പ്രതാപ് ബോസ് ഇത്തവണ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ അവാര്‍ഡിന്റെ അഞ്ചംഗ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.