കോവിഡ്-19 വകഭേദങ്ങൾ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന
1 min readവകഭേദങ്ങൾ നിലവിൽ അപകടകാരികളല്ലെങ്കിലും വൈറസിന്റെ സ്വഭാവത്തിൽ മാറ്റം വന്നാൽ അപകടകാരിയായി മാറും, അതിനാൽ തന്നെ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണ്
കോപ്പൻഹേഗൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ കോവിഡ്-19 വകഭേദങ്ങൾ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കാൻ ശേഷിയുള്ളവയാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ പ്രദേശിക ആസ്ഥാനത്തിന്റെ മുന്നറിയിപ്പ്. വൈറസ് വകഭേദങ്ങൾ സാധാരണ പ്രതിഭാസമാണെന്നും വലിയ അപകടകാരികളല്ലെങ്കിലും സ്വഭാവത്തിൽ മാറ്റം വന്നാൽ അവ അപകടകാരികളായി മാറുമെന്നും അതിനാൽ തന്നെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും യൂറോപ്പിലെ ലോകാരോഗ്യ സംഘടന സാംക്രമികരോഗ, പ്രതിരോധ വിഭാഗം മേധാവി റിച്ചാർഡ് പെബോഡി പറഞ്ഞു.
ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ കോവിഡ്-19യുടെ അതിവേഗത്തിൽ പടരുന്ന വകഭേദമായ SARS-CoV-2 VOC 202012/01 വൈറസ് യൂറോപ്യൻ മേഖലയിലെ മുപ്പതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ജനുവരി അവസാന വാരം വരെയുള്ള കണക്കനുസരിച്ച് മേഖലയിലെ 22,503 പേരിലാണ് പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ ഈ രാജ്യങ്ങളിൽ ജനിതകമാറ്റം വരാത്ത കൊറോണ വൈറസ് കേസുകളെ പിന്നിലാക്കി കൊണ്ട് വകഭേദം വന്ന വൈറസ് കേസുകളുടെ എണ്ണം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
വ്യാപന നിരക്ക് കൂടുതൽ എന്നാൽ വ്യത്യസ്ത രീതിയിലുള്ള വ്യാപനമെന്ന് അർത്ഥമാക്കുന്നില്ലെന്നും കൂടുതൽ എളുപ്പത്തിലുള്ള വ്യാപനമെന്നാണ് കരുതേണ്ടതെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഓഫീസിലെ കോവിഡ്-19 റെസ്പോൺസ് ടീം മേധാവി കാതറിൻ സ്മാൾവുഡ് പറഞ്ഞു. ഇത് മൂലം നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ സമ്മർദ്ദത്തിലായാൽ, രോഗം പിടിപെട്ട് കൂടുതൽ ആളുകൾ മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും കാതറിൻ മുന്നറിയിപ്പ് നൽകി.
നിലവിലുള്ള വൈറസും പുതിയതായി കണ്ടെത്തിയതും ഇനിയുണ്ടാകാൻ ഇടയുള്ളതുമായ വകഭേദങ്ങളും ഉയർത്തുന്ന അപകട ഭീഷണികളെ എങ്ങനെ തരണം ചെയ്യുമെന്നത് സംബന്ധിച്ച് ദേശീയ ലബോറട്ടറികളിൽ നടത്തുന്ന ഗവേഷണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഇരട്ടിയാക്കണമെന്ന് ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. പരിശോധന, ഐസൊലേഷൻ, ചികിത്സ, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, പട്ടികയിലുള്ളവരുടെ ക്വാറന്റീൻ തുടങ്ങി അടിസ്ഥാന പൊതുജനാരോഗ്യ നടപടികളും സാമൂഹിക നിയന്ത്രണങ്ങളും ശക്തമാക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.