റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നത് 321 സ്കൂൾ വിദ്യാർത്ഥികളും 80 നാടോടി കലാകാരന്മാരും
1 min readന്യൂഡെൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ രാജ്യ തലസ്ഥാനത്തെ നാല് സ്കൂളുകളിൽ നിന്നുള്ള 321 വിദ്യാർത്ഥികളും കൊൽക്കത്തയിലെ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിൽ നിന്നുള്ള 80 നാടോടി കലാകാരന്മാരും പങ്കെടുക്കും. കോവിഡ്-19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും നടോടി കലാകാരന്മാരുടെയും എണ്ണം ഇത്തവണ 400 ആയി വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 600 വിദ്യാർത്ഥികളും കലാകാരന്മാരുമാണ് പരേഡിൽ പങ്കെടുത്തത്.
ന്യൂഡെൽഹിയിലെ ഡിറ്റിഇഎ സീനിയർ സെക്കൻഡറി സ്കൂൾ, മൌണ്ട് അബു പബ്ലിക് സ്കൂൾ,വിദ്യാഭാരതി സ്കൂൾ, ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 271 പെൺകുട്ടികളും 131 ആൺകുട്ടികളുമാണ് പരേഡിൽ പങ്കെടുക്കുക. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഫിറ്റ് ഇന്ത്യ മൂവ്മെന്റുമായി ബന്ധപ്പെട്ട ഹം ഫിറ്റ് തൊ ഇന്ത്യ ഫിറ്റ് എന്ന ആശയത്തിലുള്ള പരിപാടിയാണ് ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻറി സ്കൂളിലെ വിദ്യാർത്ഥിനികൾ പരേഡിൽ അവതരിപ്പിക്കുക. തമിഴ് നാടോടി നൃത്തങ്ങളുമായാണ് ഡിറ്റിഇഎ സ്കൂളിലെ വിദ്യാർത്ഥികൾ എത്തുന്നത്.
കൊൽക്കത്തയിലെ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിലെ നാടോടി കലാകാരന്മാർ ഒഡീഷയിലെ കാളഹണ്ഡിയിൽ നിന്നുള്ള ബജ്സൽ എന്ന നാടോടി നൃത്തരൂപമാണ് പരേഡിൽ അവതരിപ്പിക്കുക.