ആറ് മണിക്കൂറെങ്കിലും ഉറങ്ങൂ.. ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തൂ: ഇലോണ്‍ മസ്‌ക്
ഉറക്കം കുറച്ചത് തന്റെ ഉല്‍പ്പാദന ക്ഷമതയെ ബാധിച്ചതായി മസ്‌ക്
സാന്‍ ഫ്രാന്‍സിസ്‌കോ: ഉറക്കം കുറയ്ക്കുന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ഉല്‍പ്പാദന ക്ഷമതയെ ബാധിക്കുമെന്ന് ടെസ് ല,. സ്‌പെയ്‌സ്എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. താന്‍ രാത്രിയില്‍ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങാറുണ്ടെന്നും ദ ജോ റോഗന്‍ എക്‌സ്പീരിയന്‍സ് എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ മസ്‌ക് വെളിപ്പെടുത്തി.
‘മുമ്പ് ഒരു ദിവസത്തില്‍ വളരെയധികം സമയം താന്‍ ജോലി ചെയ്യുമായിരുന്നു. പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും വരെ മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഉറക്കം കുറയ്ക്കാനായിരുന്നു ശ്രമം. പക്ഷേ അപ്പോള്‍ ഉല്‍പ്പാദന ക്ഷമത കുറഞ്ഞു. ആറ് മണിക്കൂറില്‍ കൂടുതല്‍ തനിക്ക് ഉറങ്ങുകയേ വേണ്ടായിരുന്നു,’ മസ്‌ക് പറഞ്ഞു.
‘നേരത്തെ വിജയകരമായി ഇരിക്കുന്നതിന് വേണ്ടി ആഴ്ചയില്‍ 80 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിയിരുന്നു. നിങ്ങള്‍ ജീവിക്കുന്ന ലോകത്തെ മാറ്റണമെങ്കില്‍ ചിലപ്പോള്‍ ആഴ്ചയില്‍ നൂറ് മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരും. ചില ആഴ്ചകളില്‍ ജോലി ചെയ്യുന്ന സമയത്തിന് കണക്ക് പോലും ഉണ്ടാകില്ല. ഉറക്കും കുറയ്ക്കുക മാത്രമായിരുന്നു വഴി. ജോലി ചെയ്യുക, കുറച്ച് ഉറങ്ങുക, വീണ്ടും ജോലി ചെയ്യുക. ആ ദിവസങ്ങളില്‍ 120 മണിക്കൂര്‍ വരെ ജോലി ചെയ്തിരിക്കാം.’ മസ്‌ക് വെളിപ്പെടുത്തി.
തങ്ങളുടെ ബോസ് ടേബിളിന്റെയും ഡെസ്‌കിന്റെയും അടിയില്‍, ചിലപ്പോള്‍ ഫാക്ടറിയുടെ വെറും തറയില്‍ വരെ ചുരുണ്ട് കിടന്ന് ഉറങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നുവെന്ന് 2018ല്‍ ടെസ് ല ജീവനക്കാര്‍ ബിസിനസ് ഇന്‍സൈഡറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.