ടെക്നോപാര്‍ക്കിൽ പ്രീഫാബ്രിക്കേറ്റഡ് ഓഫീസ് കെട്ടിടം വരുന്നു

50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ ആദ്യ പ്രീഫാബ്രിക്കേറ്റഡ് ഓഫീസ് കെട്ടിടം വരുന്നു. ടെക്നോപാര്‍ക്കിലെ ഐടി, ഐടി ഇതര സംരംഭങ്ങളുടെ വര്‍ധിച്ചു വരുന്ന സ്ഥലആവശ്യകത ഉറപ്പു വരുത്താന്‍ ഇതിലൂടെ സാധിക്കും. ഫേസ്-1 കാമ്പസിലെ പമ്പ-പെരിയാര്‍ കെട്ടിടങ്ങള്‍ക്ക് സമീപം നിര്‍മ്മിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് കെട്ടിടത്തിന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ തറക്കല്ലിട്ടു. ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്സ്) മാധവന്‍ പ്രവീണ്‍, ടെക്നോപാര്‍ക്ക് ഡിജിഎം (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, ഐ ടി പാര്‍ക്കുകളുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ (സിഎഫ്ഒ) വിപിന്‍ കുമാര്‍ എസ്., ടെക്നോപാര്‍ക്ക് എജിഎം (അഡ്മിന്‍ & ഐ ആര്‍) അഭിലാഷ് ഡി. എസ്. വൂട്ട്സ് സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ പണികഴിപ്പിച്ച കെട്ടിട നിര്‍മ്മാണഘടകങ്ങള്‍ നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ടുപോയി ഒരുമിച്ച് ചേര്‍ത്ത് കെട്ടിടം നിര്‍മ്മിക്കുന്നതാണ് പ്രീഫാബ്രിക്കേഷന്‍ രീതി. മൂന്ന് നിലകളിലായി പണിയുന്ന 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്‍റെ ഘടനാപരവും വാസ്തുവിദ്യാപരവുമായ രൂപകല്പനയ്ക്ക് പാലക്കാട് ഐഐടി അംഗീകാരം നല്‍കി. മണ്ണ്, നിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങള്‍ എന്നിവയുടെ പരിശോധന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിന്‍റെ (സിഇടി) നേതൃത്വത്തിലാണ്. ടെക്നോപാര്‍ക്കില്‍ നിന്നുള്ള ആദ്യത്തെ ഇന്‍-ഹൗസ് പ്രീഫാബ്രിക്കേറ്റഡ് പ്രോജക്റ്റ് കൂടിയാണിത്. അത്യാധുനികവും പരിസ്ഥിതി സൗഹൃദപരവുമായ പുതിയ ഓഫീസ് കെട്ടിടം ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഓപ്പണ്‍ ഡൈനിംഗ്, വിനോദ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കെട്ടിടത്തിന്‍റെ ഭാഗമാണ്. ഇത് ഒഴികെയുള്ള കെട്ടിടത്തിന്‍റെ 80 ശതമാനം സ്ഥലവും ഐടി ഓഫീസുകള്‍ക്ക് ഉപയോഗിക്കാനാകും. കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സിന്‍റെ (കെഎംബിആര്‍) നിബന്ധനകള്‍ പാലിച്ചാണ് ഇതിന്‍റെ രൂപകല്പന. ഓരോ നിലകള്‍ക്കും നാല് മീറ്റര്‍ ഉയരമുണ്ട്. ഓരോ നിലയിലും കമ്പനികള്‍ക്ക് 4/5 മൊഡ്യൂളുകള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. സൂര്യപ്രകാശം ലഭിക്കുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മികച്ച വായുസഞ്ചാരം, ഹീറ്റിംഗ്-വെന്‍റിലേഷന്‍-എയര്‍കണ്ടീഷന്‍ (എച്ച് വിഎസി) സൗകര്യം, നൂറു ശതമാനം ഡീസല്‍ ജനറേറ്റര്‍ ബാക്അപ്പ് എന്നിവയും ലഭ്യമാണ്. ഓഫീസ് സ്ഥലം, മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, പാന്‍ട്രി ഏരിയ, വിശ്രമമുറി, വിനോദ സ്ഥലം, സ്വീകരണ മുറി, സര്‍വീസ് റൂമുകള്‍ എന്നിവയാണ് കെട്ടിടത്തിലെ മറ്റ് സൗകര്യങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ടെക്നോപാര്‍ക്ക് ഫേസ് 5 (കൊല്ലം) കാമ്പസില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ തറക്കല്ലിട്ടിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ കായല്‍തീര ഐടി പാര്‍ക്കാണ് കുണ്ടറയില്‍ അഷ്ടമുടി കായലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക് ഫെയ്സ് 5 (കൊല്ലം). ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍, തിരുവനന്തപുരത്തെ എം/എസ് റോഹാസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍, ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്സ്) മാധവന്‍ പ്രവീണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദീര്‍ഘകാല ഈടുള്ളതും സൗകര്യപ്രദവും പ്രവര്‍ത്തനക്ഷമവും ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ ഡിസൈന്‍ വിമന്‍സ് ഹോസ്റ്റലിന്‍റെ പ്രത്യേകതയാണ്. കൊല്ലം കാമ്പസില്‍ ജോലി ചെയ്യുന്ന വനിതാ പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവും സുഖപ്രദവുമായ താമസസൗകര്യം വാഗ്ദാനം ചെയ്യുന്ന ഹോസ്റ്റലില്‍ ആറ് മുറികളുണ്ട്. ടെക്നോപാര്‍ക്ക് കൊല്ലം കാമ്പസില്‍ സ്പോര്‍ട്സ് ഗ്രൗണ്ടും ഓപ്പണ്‍ എയര്‍ തിയേറ്ററും വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്.