ക്യൂബന്‍ പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരളത്തിന്‍റെ ഐടി മേഖലയുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഉന്നതതല ക്യൂബന്‍ പ്രതിനിധി സംഘം. ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച സംഘം സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ ക്യൂബന്‍ റിപ്പബ്ലിക് എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആബേല്‍ അബല്ലെ, ഹവാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ എക്സ്ഇടിഐഡി യുടെ ബിസിനസ് ഡയറക്ടര്‍ സൗമല്‍ തെജേദ ഡയസ്, എക്സ്ഇടിഐഡി യുടെ ജനറല്‍ ഡയറക്ടര്‍ ഏഞ്ചല്‍ ഓസ്കാര്‍ പിനോ ഹെര്‍ണാണ്ടസ് എന്നിവരുള്‍പ്പെടുന്ന മൂന്നംഗ പ്രതിനിധി സംഘമാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്. ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഫോക്സ്ഡെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജി എന്‍. പത്മകുമാറുമായും ക്യൂബന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഫോക്സ്ഡെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിനും സംഘം താല്പര്യം പ്രകടിപ്പിച്ചു. ഫോക്സ്ഡെയില്‍ വികസിപ്പിച്ച ഡോ. കണക്റ്റ്, ഡൂബിസ് പ്ലാറ്റ് ഫോം വെബ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് ആരോഗ്യ സംരക്ഷണ, ബിസിനസ് സാങ്കേതികവിദ്യാ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ സവിശേഷതകളെക്കുറിച്ചും ടെക്നോപാര്‍ക്കിന്‍റെ നേട്ടങ്ങളെക്കുറിച്ചും ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പ്രതിനിധി സംഘവുമായി സംവദിച്ചു. സാങ്കേതികവിദ്യയുടെയും പരിസ്ഥിതിയുടെയും സംയോജനത്തിലൂന്നിയ സന്തുലിത വളര്‍ച്ചയ്ക്കാണ് ടെക്നോപാര്‍ക്ക് പ്രാധാന്യം നല്‍കുന്നതെന്ന് സഞ്ജീവ് നായര്‍ പറഞ്ഞു. സാമൂഹിക-സാമ്പത്തിക വികസനം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കേരളം ഏറെ മുന്നിലാണ്. സഹകരിച്ചു പ്രവര്‍ത്തിക്കാനാകുന്ന ശക്തമായ ഐടി ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ടാലന്‍റ് പൂള്‍, കണക്റ്റിവിറ്റി തുടങ്ങിയവയില്‍ തിരുവനന്തപുരം നഗരം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂബയില്‍ പരിശീലന, കപ്പാസിറ്റി ബിള്‍ഡിംഗ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ക്യൂബന്‍ പ്രതിനിധി ആബേല്‍ അബല്ലെ പറഞ്ഞു. അതില്‍ ടെക്നോപാര്‍ക്ക് മാതൃക പചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഐടി മേഖലയ്ക്ക് ശക്തമായ അടിത്തറയുണ്ടെന്നും ശരിയായ ദിശയില്‍ വളരുകയാണെന്നും എക്സ്ഇടിഐഡി യുടെ ജനറല്‍ ഡയറക്ടര്‍ ഏഞ്ചല്‍ ഓസ്കാര്‍ പിനോ ഹെര്‍ണാണ്ടസ് പറഞ്ഞു. ക്യൂബയിലെ സാങ്കേതികവിദ്യാധിഷ്ഠിത ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ടെക്നോപാര്‍ക്കുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നു. ഫോക്സ്ഡെയ്ലുമായുള്ള പങ്കാളിത്തത്തിലൂടെ അതിന് തുടക്കമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.