Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഗ് ബാസ്കറ്റ് ഏറ്റെടുക്കല്‍ ടാറ്റയും അംബാനിയും നേര്‍ക്ക് നേര്‍

1 min read
  • ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ജിയോമാര്‍ട്ട് എന്നിവരുമായി നേരിട്ട് മല്‍സരത്തിന് ടാറ്റ

  • ഉന്നമിടുന്നത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ മുഖ്യ ഇടം

  • നിരവധി പുതുതലമുറ സംരംഭങ്ങളെയും ടാറ്റ ഉന്നം വെക്കുന്നു

ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പായ ബിഗ് ബാസ്ക്കറ്റിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയതായി ടാറ്റ ഡിജിറ്റല്‍ പ്രഖ്യാപിച്ചതോടെ അംബാനിയും ടാറ്റയും നേര്‍ക്ക് നേര്‍ നിന്ന് പോരാടുമെന്ന് തീര്‍ച്ച. ഇന്ത്യയിലെ വലിയ ബിസിനസ് കുടുംബങ്ങളിലൊന്ന് പുതു തലമുറ ഇ-കൊമേഴ്സ് സംരംഭങ്ങളെയും നേരിടാന്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ബിഗ് ബാസ്ക്കറ്റിലൂടെ റിലയന്‍സിന്‍റെ ജിയോമാര്‍ട്ടിന്‍റെ സ്വപ്നങ്ങളെയാകും ടാറ്റ പ്രതിരോധിക്കുക.

ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെയുള്ള മേഖലകളില്‍ സജീവ സാന്നിധ്യമായ ടാറ്റ ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ യൂണിറ്റാണ് ടാറ്റ ഡിജിറ്റല്‍. ബിഗ് ബാസ്ക്കറ്റിന്‍റെ ബിസിനസ് ടു ബിസിനസ് വിഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രോസറി സപ്ലൈസില്‍ ടാറ്റ 64 ശതമാനം ഓഹരി എടുത്തതായാണ് വിവരം.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

ബിഗ് ബാസ്ക്കറ്റിന്‍റെ ബോര്‍ഡ് ഈ ഡീലിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബിഗ് ബാസ്ക്കറ്റില്‍ പ്രാരംഭ മൂലധനം എന്ന നിലയില്‍ 200 മില്യണ്‍ ഡോളര്‍ ടാറ്റ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടു കൂടി രണ്ട് ബില്യണ്‍ ഡോളറിലേക്ക് ഈ സ്റ്റാര്‍ട്ടപ്പിന്‍റെ മൂല്യം ഉയര്‍ന്നു.

ഇതോടുകൂടി ചൈനയുടെ ആലിബാബ ഗ്രൂപ്പും ആക്റ്റിസ് എല്‍എല്‍പിയും എല്ലാം ബെംഗളൂരു കേന്ദ്രമാക്കിയ സ്റ്റാര്‍ട്ടപ്പിലെ നിക്ഷേപ ശ്രേണിയില്‍ നിന്ന് പുറത്തായി.

ടാറ്റയും ബിഗ് ബാസ്കറ്റും തമ്മിലുള്ള ഇടപാടിന് 2021 ഏപ്രില്‍ അവസാനം കോംപറ്റീഷന്‍ കമ്മീഷണന്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ഇന്ത്യയില്‍ ഒരു വ്യക്തിയുടെ ഉപഭോഗ സംസ്കാരത്തില്‍ മുഖ്യ ഇടം വഹിക്കുന്നത് ഗ്രോസറിയാണ്. ഇന്ത്യയലെ ഏറ്റവും വലിയ ഇ-ഗ്രോസറി കമ്പനിയാണ് ബിഗ് ബാസ്ക്കറ്റ്-ടാറ്റ ഡിജിറ്റല്‍ മേധാവി പ്രതിക് പാല്‍ പറയുന്നു. ടാറ്റ ഡിജിറ്റലിലേക്ക് ബിഗ് ബാസ്ക്കറ്റിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം.

ടാറ്റയോടൊപ്പം ഉള്ള ബിഗ് ബാസ്ക്കറ്റിന്‍റെ വളര്‍ച്ചഅതീവ ആകാംക്ഷയോടെ തങ്ങള്‍ നോക്കിയിരിക്കുകയാണെന്ന് ബിഗ് ബാസ്ക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ ഹരി മേനന്‍ പറഞ്ഞു.

ഒരു പതിറ്റാണ്ടിലധികം കാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള ബിഗ് ബാസ്ക്കറ്റിന് ഇന്ത്യയിലുടനീളം 25ലധികം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. 50,000ത്തിലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളും കമ്പനിക്കുണ്ട്. അനേകം കര്‍ഷകരുമായും നേരിട്ട് പങ്കാളിത്തം ഉറപ്പാക്കിയാണ് പ്രവര്‍ത്തനങ്ങള്‍.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ ഇടം കരസ്ഥമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ടാറ്റ ബിഗ് ബാസ്ക്കറ്റിനെ ഏറ്റെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഫാര്‍മസിയായ 1എംജിയെ ഏറ്റെടുക്കുന്നതിന്‍റെ അവസാന ഘട്ടങ്ങളിലാണ് ടാറ്റയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല മുകേഷ് ബന്‍സാലിന്‍റെ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നെസ് സ്റ്റാര്‍ട്ടപ്പായ ക്യുവര്‍ ഫിറ്റില്‍ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കാനും ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്.

കോവിഡ് മഹമാരി നാശം വിതച്ച വര്‍ഷത്തില്‍ ബിഗ് ബാസ്കറ്റിന് 1.1 ബില്യണ്‍ ഡോളറിന്‍റെ മൊത്തം വില്‍പ്പന നേടാനായി എന്നത് ശ്രദ്ധേയമാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അത് 1.8 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് ബിഗ് ബാസ്ക്കറ്റ്.

Maintained By : Studio3