സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകള്‍ നേടിയത് 13 ബില്യണ്‍ ഡോളര്‍
1 min readകഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ടോപ് 100 നോണ്‍ ഗെയിം സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകള്‍ നേടിയത് 13 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം
ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ടോപ് 100 നോണ്‍ ഗെയിം സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകള്‍ നേടിയത് 13 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം. 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 34 ശതമാനത്തിന്റെ വര്‍ധന. 2019 ല്‍ 9.7 ബില്യണ്‍ ഡോളറായിരുന്നു ഉപഭോക്തൃ ചെലവിടല്‍.
ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളിലെ സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകളില്‍ യൂട്യൂബ് ആണ് മുന്നില്‍. ആഗോളതലത്തില്‍ 991.7 മില്യണ്‍ ഡോളറാണ് യൂട്യൂബ് വാരിക്കൂട്ടിയത്. യുഎസ്സില്‍ മാത്രം 562 മില്യണ്‍ ഡോളറിന്റെ വരുമാനം നേടി. ആപ്പ് വിശകലന സ്ഥാപനമായ സെന്‍സര്‍ ടവറാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കായി 111 ബില്യണ്‍ ഡോളറാണ് ഉപയോക്താക്കള്‍ ചെലവഴിച്ചത്. ഈ തുകയുടെ 11.7 ശതമാനത്തോളമാണ് ടോപ് 100 നോണ്‍ ഗെയിം സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകള്‍ നേടിയത്.
2020 നാലാം പാദത്തില്‍, ലോകമെങ്ങുമുള്ള ടോപ് 100 ഏര്‍ണിംഗ് നോണ്‍ ഗെയിം ആപ്പുകളില്‍ 86 എണ്ണമാണ് സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ ചെയ്തത്. 2019 നാലാം പാദത്തില്‍ 89 ആപ്പുകളായിരുന്നു. അല്‍പ്പം കുറഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറിനേക്കാള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലാണ് ഉപയോക്താക്കള്‍ കൂടുതലായി പണം ചെലവഴിച്ചത്. സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി.
ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം ആപ്പ് സ്റ്റോറിലെ ടോപ് 100 സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകള്‍ നേടിയത് 10.3 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷത്തെ 7.8 ബില്യണ്‍ ഡോളറിനേക്കാള്‍ 32 ശതമാനം വര്‍ധന. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ടോപ് 100 ആപ്പുകള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം 2.7 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. 2019 ലെ 1.9 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനം വളര്‍ച്ച.
ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ഏറ്റവുമധികം വരുമാനം നേടിയ സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകള്‍ യഥാക്രമം യൂട്യൂബ്, ഗൂഗിള്‍ വണ്‍ എന്നിവയാണ്. മൊബീല്‍ ഗെയിം പബ്ലിഷര്‍മാര്‍ അതിവേഗം സബ്‌സ്‌ക്രിപ്ഷന്‍ മാതൃക സ്വീകരിക്കുന്ന കാഴ്ച്ച കഴിഞ്ഞ വര്‍ഷം കണ്ടു.