എല്ലാ ‘നല്ല കൊളസ്‌ട്രോളും’ ആരോഗ്യത്തിന് അത്ര നല്ലതല്ല
1 min readഎച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്ന ജനിതകഘടകങ്ങള്‍ക്ക് ഹൃദയാഘാത സാധ്യതയുമായി ബന്ധമുണ്ടെന്ന് ഗവേഷകര്‍
എല്ലാ നല്ല കൊളസ്‌ട്രോളും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഗവേഷകര്‍. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് നിര്‍ണയിക്കുന്ന ജനിതക ഘടകങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. നല്ല കൊളസ്‌ട്രോള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഹൈ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍) കൊളസ്‌ട്രോളിന്റെ അളവും ഹൃദയാഘാത സാധ്യതയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ പുറന്തള്ളലിനായി കരളിലെത്തിക്കുന്നതിനാല്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദ്രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ലോ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞ് കിടക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
എന്നാല്‍ എച്ച്ഡിഎല്‍ കൂടുതലായി കാണപ്പെടുന്ന ആളുകള്‍ക്ക്് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും എച്ച്ഡിഎല്‍ കുറവാണെങ്കില്‍ ഹൃദയാഘാത സാധ്യതയും കുറയുമെന്നും പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ വലുപ്പം നിര്‍ണയിക്കുന്ന ജനിതക ഘടകങ്ങളും ഹൃദയാഘാതവുമായി അവയ്ക്കുള്ള ബന്ധവുമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. നല്ല കൊളസ്‌ട്രോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാനിടയാക്കുന്ന ജനിതക ഘടകങ്ങള്‍ ഹൃദയാഘാത സാധ്യത വര്ധിപ്പിക്കുന്നുവെന്നാണ് മെറ്റബോളിസം, ക്ലിനിക്കല്‍ ആന്‍ഡ് എക്‌സിപിരിമെന്റ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം കുറഞ്ഞ അളവില്‍ നല്ല കൊളസ്‌ട്രോള്‍ ഉല്‍പ്പാദിപ്പിക്കാനിടയാക്കുന്ന ജനിതക ഘടകങ്ങള്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
എന്നാല്‍ കൊളസ്‌ട്രോളിനെ കരളില്‍ എത്തിച്ച് പുറന്തള്ളുന്നതില്‍ നല്ല കൊളസ്‌ട്രോള്‍ ഫലപ്രദമാണെന്നും പഠനം പറയുന്നുണ്ട്. നിലവില്‍ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാനുള്ള മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.