ചന്ദ്രബാബു നായിഡുവിനെതിരെ കല്ലേറ്; പിന്നില്‍ വൈഎസ്ആര്‍സിപി എന്ന് ടിഡിപി
തിരുപ്പതി: തിരുപ്പതി ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ തെലുങ്കുദേശം പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് നേരെ കല്ലേറുണ്ടായതായി നേതാക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നായിഡു തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ധൈര്യമുണ്ടെങ്കില്‍ മുന്നോട്ടുവരാന്‍ നായിഡു ആക്രമിച്ചവരെ വെല്ലുവിളിച്ചു. പോലീസ് തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ഇനി കല്ലെറിഞ്ഞാല്‍ നിങ്ങളുടെ തൊലിയുരിക്കും എന്നുവരെ അദ്ദേഹം ആക്രോശിച്ചു.
അവരെ സാമൂഹിക വിരുദ്ധര്‍ എന്നാണ് നായിഡു വിശേഷിപ്പിച്ചത്. എറിഞ്ഞ കല്ലുകള്‍ അദ്ദേഹം അനുയായികള്‍ക്കുമുമ്പില്‍ ഉയര്‍ത്തിക്കാട്ടി. ഇത് റൗഡി രാജ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ സമയം മണ്ഡലത്തിലെ ടിഡിപി സ്ഥാനാര്‍ത്ഥി
പനബക ലക്ഷ്മി നായിഡുവുനൊപ്പം നില്‍ക്കുകയായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് വാഹനത്തില്‍ നിന്നിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. അതേസമയം, ആന്ധ്രാപ്രദേശ് പൊലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ടിഡിപി സംസ്ഥാന പ്രസിഡന്‍റ് കിഞ്ചരപ്പു അച്ചന്നൈഡു പറഞ്ഞു.ഇത് സംഭവിച്ചത് പോലീസിന്‍റെ പിടിപ്പുകേടുകൊണ്ടാണ്. വൈഎസ്ആര്‍സിപിയാണ് ഈ ആക്രമണത്തിനുപിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.അവരുടെ എംഎല്‍എ മാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാത്രമെ പ്രതിഷേധം അവസാനിപ്പിക്കു എന്നും അച്ചന്നൈഡു പറഞ്ഞു.