പ്രകോപനപരമായ പ്രസ്താവന; ദിലീപ് ഘോഷിന് നോട്ടീസ്
കൊല്‍ക്കത്ത: പ്രകോപനപരമായ പരസ്യപ്രസ്താവനകള്‍ നടത്തിയതിന് ബിജെപിയുടെ പശ്ചിമ ബംഗാള്‍ പ്രസിഡന്‍റ് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാരംഗറില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവന വിശദീകരിക്കാന്‍ ബുധനാഴ്ച രാവിലെ 10 മണി വരെ ഘോഷിന് കമ്മീഷന്‍ അവസരം നല്‍കി.
നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കൂച്ച് ബെഹറിലെപ്പോലുള്ള കൊലപാതകങ്ങള്‍ നടക്കുമെന്ന് ഘോഷ് പ്രസംഗിച്ചിരുന്നു.തുടര്‍ന്നാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ച കൂച്ച് ബെഹാര്‍ ജില്ലയിലെ സിതാല്‍കുച്ചി നിയമസഭാ മണ്ഡലത്തില്‍ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്എഫ്) നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു ഘോഷിന്‍റെ പ്രസംഗം. ഘോഷ് പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നും അത് ബംഗാളിനും ജനങ്ങള്‍ക്കും തുറന്ന ഭീഷണിയാണെന്നും ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഓബ്രിയന്‍ ഇസിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രസംഗം ലഭിച്ചതായി പിന്നീട് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.’ഇത് ഒരു തുടക്കം മാത്രമാണ്. കേന്ദ്ര സേനയുടെ റൈഫിളുകള്‍ പ്രദര്‍ശനത്തിനായി മാത്രമാണെന്ന് കരുതിയിരുന്നവര്‍ക്ക് ഇപ്പോള്‍ വെടിയുണ്ടകളുടെ ശക്തി നന്നായി മനസ്സിലായി, ഇത് എല്ലായിടത്തും നടക്കും. ഏപ്രില്‍ 17 ന് രാവിലെ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ എല്ലാവരും അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നും പ്രസംഗത്തിലുണ്ടായിരുന്നു.
‘കേന്ദ്രസേന ബൂത്തുകളില്‍ ഉണ്ടാകും. ആര്‍ക്കും നിങ്ങളെ ദേഷ്യം പിടിപ്പിക്കാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ ഇവിടെയുണ്ട്. ആരെങ്കിലും തന്‍റെ പരിധി ലംഘിച്ചാല്‍ സിതാല്‍കുച്ചിയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടു. നിരവധി സ്ഥലങ്ങളില്‍ സിതാല്‍കുച്ചി ഉണ്ടാകും. അതിനാല്‍ ശ്രദ്ധിക്കുക ..’ഘോഷ് വിശദീകരിച്ചു.മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് കമ്മീഷന്‍ ഘോഷിനെതിരെ നോട്ടീസയച്ചത്.
“പ്രസ്താവനകള്‍ പ്രകോപനപരവും ക്രമസമാധാനം തകര്‍ക്കുന്നതിലേക്ക് നയിക്കുന്നതും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ്”കമ്മീഷന്‍ പറയുന്നു.അതിനാല്‍, ബുധനാഴ്ച രാവിലെ 10 മണിയോടെ പ്രസ്താവന നടത്തിയതിലെ നിലപാട് വിശദീകരിക്കാന്‍ ഘോഷിന് സമയം നല്‍കി.അതില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ പരാമര്‍ശമില്ലാതെ കമ്മീഷന്‍ തീരുമാനമെടുക്കും.സീതാല്‍കുച്ചി നിയമസഭാ മണ്ഡലത്തില്‍ നടന്ന അതേ സംഭവത്തില്‍ ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയെ അഞ്ചാം ഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 48 മണിക്കൂര്‍ പ്രചാരണം നടത്തുന്നത് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.