സൂചികകള്‍ 10 ആഴ്ചത്തെ ഉയരത്തില്‍
1 min readഎസ്ബിഐ റിപ്പോര്‍ട്ടിന് പിന്നാലെ ബാങ്കിംഗ് ഓഹരികളുടെ കുതിപ്പ്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദത്തില്‍ റെക്കോഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നലെ 2 ശതമാനത്തോളം ഉയര്‍ന്നു. മറ്റ് ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളിലെയും റാലിയുടെ പിന്തുണയോടെ, 30 ഓഹരികളുടെ ബിഎസ്ഇ സൂചിക 976 പോയിന്‍റ് അഥവാ 1.9 ശതമാനം ഉയര്‍ന്ന് 50,540 ലെവലില്‍ അവസാനിച്ചു. എന്‍എസ്ഇയില്‍ നിഫ്റ്റി 50 സൂചിക 269 പോയിന്‍റ് ഉയര്‍ന്ന് 15,175 ലെത്തി.
സെന്‍സെക്സില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് എസ്ബിഐയാണ്. 4 ശതമാനം വര്‍ധന. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികളായി. 3 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ് ഈ ഓഹരികളിലെ മുന്നോറ്റം. ബാങ്കിംഗ് മേഖലയിലെ സ്റ്റോക്കുകളെല്ലാം ചേര്‍ന്ന് സെന്‍സെക്സിന്‍റെ മൊത്തം നേട്ടത്തിലേക്ക് 680 പോയിന്‍റുകള്‍ സംഭാവന ചെയ്തു.
ഡോ. റെഡ്ഡീസ് ലാബ്സ് ആന്‍ഡ് പവര്‍ ഗ്രിഡ് എന്നിവ സെന്‍സെക്സിലും ഐഷര്‍ മോട്ടോഴ്സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗ്രാസിം, എസ്ബിഐ ലൈഫ് എന്നിവ നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തിയ ഓഹരികളായി
സാമ്പത്തിക സൂചികകളായ നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, പിഎസ്യു ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ഇന്ന് എന്‍എസ്ഇയുടെ പൊതു പ്രകടനത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു, 3-3.5 ശതമാനം വരെ നേട്ടം ഈ സൂചികകളില്‍ ഉണ്ടായി. വിശാലമായ വിപണികളില്‍, എസ് ആന്‍റ് പി ബി എസ് ഇ മിഡ്കാപ്പ്, സ്മോള്‍ക്യാപ്പ് സൂചികകള്‍ ഇന്നലെ യഥാക്രമം 0.8 ശതമാനവും 0.65 ശതമാനവും ഉയര്‍ന്നു.
യൂറോപ്യന്‍ ഓഹരി വിപണികള്‍ ഇന്നലെ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ കുതിച്ചുയര്‍ന്നെങ്കിലും ലണ്ടനില്‍ ലിസ്റ്റ് ചെയ്ത ഓഹരികളിലെ ഇടിവും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും ആദ്യകാല ഉത്സാഹം കുറച്ചു. പാന്‍-യൂറോപ്യന്‍ സ്റ്റോക്സ് 600 സൂചിക കാര്യമായ വ്യതിയാനം കാണിച്ചില്ല. ബ്രിട്ടീഷ് സ്റ്റോക്ക്സ് അര ശതമാനം ഇടിഞ്ഞു.
ഏഷ്യയില്‍ ജപ്പാനിലെ നിക്കി 0.8 ശതമാനവും ഓസ്ട്രേലിയയുടെ എസ് ആന്‍റ് പി / എഎസ്എക്സ് 200 0.15 ശതമാനവും ഉയര്‍ന്നു. ദക്ഷിണ കൊറിയയുടെ കോസ്പി, ചൈന സിഎസ്ഐ 30 സൂചികകള്‍ യഥാക്രമം 0.2 ശതമാനവും ഒരു ശതമാനവും ഇടിഞ്ഞു.