കോവിഡ് രോഗമുക്തി വേഗത്തിലാക്കാന്‍ വിത്തുകോശ ചികിത്സ
1 min readഈ ചികിത്സാരീതി ഇതിനോടകം തന്നെ കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്
ഹൈദരാബാദ്: കോവിഡ്-19നെതിരെ വിത്തുകോശങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ ചികിത്സാരീതി വികസിപ്പിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഇന്‍കുബേറ്റ് ചെയ്ത ബയോടെക് സ്റ്റാര്‍ട്ടപ്പ് ട്രാന്‍സെല്‍ ഓങ്കോളൊജിക്‌സ്. ഈ ചികിത്സാരീതി കോവിഡ് രോഗമുക്തി വേഗത്തിലാക്കുമെന്നും രോഗി രക്ഷപ്പെടുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നുമാണ് കരുതുന്നത്.
പൊക്കിള്‍ക്കൊടി രക്തത്തില്‍ നിന്നുള്ള വിത്തുകോശങ്ങളും മുതിര്‍ന്നവരിലെ മീസെന്‍കൈമല്‍ വിത്തുകോശങ്ങളും ഉപയോഗിച്ചുള്ള ചികിത്സാരീതിയാണിത്. ട്രാന്‍സെല്‍ ഓങ്കോളൊജിക്‌സിന്റെ ഈ ചികിത്സാരീതി ഹൈദരാബാദ്, ഡെല്‍ഹി, വാറങ്കല്‍ എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിച്ച് വരുന്നുണ്ട്. സൈറ്റോകിന്‍ സ്‌റ്റോമിനെയും (പ്രതിരോധ സംവിധാനം ശരീരത്തിലെ തന്നെ കോശങ്ങളെയും കോശജാലങ്ങെളെയും ആക്രമിക്കുന്ന അവസ്ഥ) അണുബാധയെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള സാങ്കേതികവിദ്യ ‘HEMATO UC-MSCs’ എന്നാണ് അറിയപ്പെടുന്നത്. 72 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് കുത്തിവെപ്പുകളിലൂടെ വേണം ഈ വിത്തുകോശങ്ങളെ രോഗിയുടെ ശരീരത്തിലെത്തിക്കാന്‍. ഒരു കുത്തിവെപ്പില്‍ 100 മില്യണ്‍ കോശങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്.
വെന്റിലേറ്റര്‍ ഉപയോഗത്തിലൂടെ ശ്വാസകോശത്തിനുണ്ടാകുന്ന കേടുപാടുകളും സൈറ്റോക്കിന്‍ സ്‌റ്റോമും കുറയ്ക്കാനും കേടുപാട് വന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഈ വിത്തുകോശങ്ങള്‍ക്ക് കഴിയുമെന്ന് ട്രാന്‍സെല്‍ ഓങ്കോളൊജിക്‌സ് സിഇഒയും സ്ഥാപകയുമായ ഡോ സുഭദ്ര ദ്രാവിഡ പറഞ്ഞു. പ്രത്യേകിച്ചൊരു പാര്‍ശ്വഫലങ്ങളൊന്നും ഇല്ല, എളുപ്പത്തില്‍ രോഗിയിലേക്ക് എത്തിക്കാം,അവയവങ്ങള്‍ക്കൊന്നും കേടുപാട് ഉണ്ടാക്കില്ല, മനുഷ്യരില്‍ സുരക്ഷിതമായി ഉപയോഗിക്കാം എന്നിവയും ഈ ചികിത്സാരീതിയുടെ മേന്മയാണ്. ലക്ഷണങ്ങളെ ചികിത്സിച്ച് ഭേദമാക്കുന്നുവെന്നത് മാത്രമല്ല കോവിഡ് രോഗിക്ക് ജീവന്‍ തന്നെ തിരികെ നല്‍കുന്നുവെന്നതാണ് ഇതിന്റെ വലിയ നേട്ടമെന്ന് സുഭദ്ര അവകാശപ്പെട്ടു.