കൃത്രിമ വൃക്ക: വന്‍ പുരോഗതി സ്വന്തമാക്കി മൂലകോശ ശാസ്ത്രജ്ഞര്‍
ഓര്‍ഗനോയിഡ് എന്ന് വിളിക്കുന്ന വൃക്കയുടെ അടിസ്ഥാന രൂപം വികസിപ്പിച്ചത് യുഎസ്‌സിയിലെ കെക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രസംഘം
കൃത്രിമ വൃക്ക നിര്‍മിക്കുന്നതിന് വേണ്ട അടിസ്ഥാന ഘടകം യുഎസ്‌സിയിലെ (യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ) കെക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രസംഘം വികസിപ്പിച്ചു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ ഓര്‍ഗനോയിഡ് എന്ന് വിളിക്കുന്ന വൃക്കയുടെ അടിസ്ഥാന രൂപം വികസിപ്പിച്ചതെങ്ങനെയെന്ന് ശാസ്ത്രസംഘം വിശദീകരിച്ചിട്ടുണ്ട്. മൂത്രം ഉല്‍പ്പാദിപ്പിക്കാനും നീക്കാനും സഹായിച്ച് ശരീരത്തിലെ ദ്രാവക, പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന കളക്ടിംഗ് ഡക്ട് സിസ്റ്റം (സംഭരണ വ്യവസ്ഥ) ആണ് ഓര്‍ഗനോയിഡ്.
പുതിയ തരം വൃക്ക ഓര്‍ഗനോയിഡ് നിര്‍മിക്കുന്നതില്‍ തങ്ങള്‍ നേടിയ പുരോഗതി, വൃക്ക രോഗം കണ്ടെത്തുന്നതിനും അതിന്റെ തീവ്രത അളക്കുന്നതിനുള്ള മികച്ച ഉപാധികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, വൃക്ക രോഗികള്‍ക്ക് പുതിയ ചികിത്സകള്‍ ലഭ്യമാക്കാനും സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സോംഗ്‌വീ ലി പറഞ്ഞു. മെഡിസിന്‍, സ്റ്റംസെല്‍ ബയോളജി, റീജനറേറ്റീവ് മെഡിസിന്‍ വിഭാഗം പ്രഫസര്‍ കൂടിയാണ് ലീ. യൂററ്റിക് ബഡ് പ്രോജെനിറ്റര്‍ കോശങ്ങള്‍ അല്ലെങ്കില്‍ യുപിസിഎസുകള്‍ കൃത്രിമ വൃക്ക നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആദ്യം എലിയുടെയും പിന്നീട് മനുഷ്യരുടെയും യുപിഎസുകള്‍ ഉപയോഗിച്ച് ഓര്‍ഗനോയിഡുകള്‍ക്ക് സമാനമായ യൂറെറ്റിക് ബഡുകള്‍ നിര്‍മിക്കാന്‍ കോശങ്ങളെ പ്രേരിപ്പിക്കുന്ന തന്മാത്രകളുടെ കൂട്ടത്തെ (കോക്ടെയില്‍) വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. യൂറെറ്റിക് ബഡ് ഓര്‍ഗനോയിഡുകള്‍ വികസിപ്പിക്കുന്നതിനായി മനുഷ്യകോശങ്ങളിലേക്ക് കടത്തിവിടാന്‍ പറ്റുന്ന വ്യത്യസ്ത തരം കോക്ടെയില്‍ കണ്ടെത്തുന്നതിലും ശാസ്ത്രസംഘം വിജയിച്ചു.
എലിയുടെയോ മനുഷ്യരുടെയോ മൂലകോശങ്ങളില്‍ നിന്നും വളര്‍ത്തിയെടുത്ത യൂറെറ്റിക് ബഡ് ഓര്‍ഗനോയിഡുകളെ കൂടുതല്‍ മികവുള്ളതും സങ്കീര്‍ണ്ണവുമായ കളക്ടിംഗ് ഡക്ട് ഓര്‍ഗനോയിഡുകള്‍ ആക്കാന്‍ കോശങ്ങളിലേക്ക് കടത്തിവിടുന്ന തന്മാത്രാ കോക്ടെയിലുകള്‍ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരിലെയും എലിയിലെയും യൂറെറ്റിക് ബഡ് ഓര്‍ഗനോയിഡുകളെ ജനിതക മാറ്റങ്ങള്‍ക്ക് വിധേയരാക്കി ആളുകളില്‍ രോഗങ്ങളുണ്ടാക്കുന്ന തരത്തിലുള്ള വ്യതിയാനങ്ങള്‍ വരുത്തുകയും സാധ്യമാണ്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും പുതിയ മരുന്നുകള്‍ പരീക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഉദാഹരണത്തിന് ഒരു ജീനില്‍ വ്യതിയാനങ്ങള്‍ വരുത്തി വൃക്കയിലും മൂത്രനാളിയിലും ജന്മനാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ സിഎകെയുടി എന്ന ഓര്‍ഗനോയിഡ് മാതൃക ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. രോഗങ്ങളുടെ മാതൃകയായി വര്‍ത്തിക്കുക എന്നതിലുപരിയായി, കൃത്രിമ വൃക്ക നിര്‍മാണത്തിലെ സുപ്രധാനമായ ഘടകമാണ് യൂറെറ്റിക് ബഡ് ഓര്‍ഗനോയിഡുകളെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഈ സാധ്യതയെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി, ശാസ്ത്രജ്ഞര്‍ എലിയുടെ യൂറെറ്റിക് ബഡ് ഓര്‍ഗനോയിഡുകളെ എലിയുടെ കോശങ്ങളുമായി സമന്വയിപ്പിച്ചു. വൃക്കയിലെ ദ്രവങ്ങള്‍ അരിച്ചെടുക്കുന്നതിനുള്ള അടിസ്ഥാന ഘടകമായ നെഫ്രോണുകള്‍ നിര്‍മിക്കുന്ന കോശങ്ങളായിരുന്നു അവ. ലാബില്‍ നിര്‍മിച്ച യൂറെറ്റിക് ബഡ്, നെഫ്രോണ്‍ പ്രോജെനിറ്റര്‍ കോശങ്ങളുടെ കൂട്ടത്തിലേക്ക് കടത്തിവിട്ടപ്പോള്‍ നെഫ്രോണുകളോട് കൂടിയ കളക്ടിംഗ് ഡക്ട് സിസ്റ്റത്തിന് സമാനമായ ശാഖകളായുള്ള ട്യൂബുകളുടെ വലിയൊരു ശൃംഖല വളര്‍ന്നുവന്നതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. ഭാവിയില്‍ പ്രവര്‍ത്തനക്ഷമമായ വൃക്ക നിര്‍മിക്കുന്നതില്‍ വളരെ നിര്‍ണായകമായ നേട്ടമാണ് ഇതെന്ന് ലി അവകാശപ്പെട്ടു.