October 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുട്ടികളിലെ വൈറ്റമിന്‍ എ അപര്യാപ്തത ഇനി പൊതുജനാരോഗ്യ പ്രശ്‌നമല്ല 

  • കുട്ടികളിലെ വൈറ്റമിന്‍ എ അപര്യാപ്തത നിരക്ക് 20 ശതമാനത്തില്‍ നിന്നും 15 ശതമാനത്തില്‍ താഴെയായി കുറഞ്ഞു

  • വൈറ്റമിന്‍ എ അപര്യാപ്തത ഇല്ലാതാക്കുന്നതിനായി ദേശീയതലത്തിലുള്ള പദ്ധതിക്ക് പകരം സംസ്ഥാനതല പദ്ധതികള്‍ മതിയെന്ന് വിദഗ്ധര്‍

 

ഹൈദരാബാദ്: കുട്ടികളിലെ വൈറ്റമിന്‍ എ അപര്യാപ്തത ഇനിമുതല്‍ പൊതുജനാരോഗ്യ പ്രശ്‌നമല്ലെന്ന് പഠനം. ഐസിഎംആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ന്യൂഡെല്‍ഹിയിലെ സീതാറാം ഭാരതീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചും ചേര്‍ന്നാണ് ഇന്ത്യയില്‍ വൈറ്റമിന്‍ എ അപര്യാപ്തത (വാഡ്) ഇപ്പോഴും അഞ്ചുവയസിന് താഴെയുള്ള കുട്ടികളില്‍ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണോ എന്ന് പരിശോധിച്ചത്.

രാജ്യത്തെ കുട്ടികളില്‍ വൈറ്റമിന്‍ എ അപര്യാപ്തത സാധ്യത 20 ശതമാനത്തില്‍ താഴെയാണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മാത്രമല്ല സപ്ലിമെന്റേഷനിലൂടെയും ഭക്ഷണത്തിലൂടെയും വൈറ്റമിന്‍ കൂടുതലായി ശരീരത്തിലെത്തുക വഴി ഹൈപ്പര്‍വൈറ്റമിനോസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. വൈറ്റമിന്‍ എയുടെ മെഗാ ഡോസിന് പകരം സംസ്ഥാനതല വൈറ്റമിന്‍ എ സപ്ലിമെന്റേഷന്‍ പരിപാടി(വാസ്) നടപ്പിലാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന ദേശീയതല പരിപാടി ഇനി ആവശ്യമില്ലെന്നും പഠനം നിര്‍ദ്ദേശിക്കുന്നു.

2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ മുപ്പത് സംസ്ഥാനങ്ങളില്‍ നടത്തിയ സമഗ്ര ദേശീയ പോഷകാഹാര സര്‍വ്വേയുടെ (സിഎന്‍എന്‍എസ്) അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശരീര സ്രവത്തിലെ റെറ്റിനോള്‍ (വൈറ്റമിന്‍ എ വിഭാഗത്തില്‍ പെടുന്ന ഒരു ജീവകം) നില അനുസരിച്ച് ഇന്ത്യയില്‍ ഒരു വയസിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ വൈറ്റമിന്‍ എ അപര്യാപ്തത 15.7 ശതമാനമാണ്. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തെ നിര്‍വ്വചിക്കുന്ന 20 ശതമാനം പരിധിയേക്കാള്‍ വളരെ താഴെയാണ് അതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ഡയറക്ടര്‍ ഡോ.ഹേമലത പറയുന്നു.

വൈറ്റമിന്‍ എ അപര്യാപ്തതയും പോഷകക്കുറവ് മൂലമുള്ള അന്ധതയും 1950, 60 കാലഘട്ടങ്ങളില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നമായിരുന്നു. 1970ല്‍ പോഷകക്കുറവ് മൂലമുള്ള അന്ധതക്കെതിരെ നാഷണല്‍ പ്രൊഫൈലാക്‌സിസ് പദ്ധതി ആരംഭിച്ചു. വൈറ്റമിന്‍ എയുടെ മെഗാഡോസുകള്‍ ലഭ്യമാക്കി പോഷകക്കുറവ് മൂലമുള്ള അന്ധത ഉണ്ടാകുന്നത് തടയുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ലോകാരോഗ്യ സംഘടന, യൂണിസെഫ് എന്നീ സംഘടനകളുടെ ശുപാര്‍ശകള്‍ കണക്കിലെടുത്ത് നടപ്പിലാക്കിയ ഈ പരിപാടിയിലൂടെ അഞ്ച് വയസിന് താഴെയുള്ള രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആറ് മാസം കൂടുകള്‍ വൈറ്റമിന്‍ എയുടെ മെഗാഡോസുകള്‍ ലഭ്യമാക്കി. പിന്നീട് കുട്ടികളിലെ മരണനിരക്ക് കുറയ്ക്കുന്നതിലടക്കം ഈ പദ്ധതി ഉണ്ടാക്കിയ നേട്ടങ്ങള്‍ പഠനങ്ങളിലൂടെ പുറത്ത് വന്നതിന് ശേഷം കുട്ടികളിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി പദ്ധതിയുടെ ഊന്നല്‍. എന്നാല്‍ ഇത് പിന്നീട് പരക്കെ സംവാദത്തിനിടയാക്കി.

ശിശുക്കളിലെയും കുട്ടികളിലെയും മരണനിരക്ക് കുറയ്ക്കുന്നതിലും പ്രതിരോധ കുത്തിവെപ്പ് നിരക്കിലും ഇന്ത്യ കൈവരിച്ച പുരോഗതിയും കുട്ടികളിലെ വൈറ്റമിന്‍ എ അപര്യാപ്തതയില്‍ കാര്യമായ കുറവുണ്ടായെന്ന വസ്തുതയും കണക്കിലെടുത്ത് വൈറ്റമിന്‍ എ സപ്ലിമെന്റേഷന്‍ പദ്ധതി പുനഃപരിശോധിക്കേണ്ട സമയമായെന്ന് വിദഗ്ധര്‍ പറയുന്നു. സപ്ലിമെന്റേഷന് പകരം പോഷകാഹാരത്തിലൂടെ വൈറ്റമിന്‍ എ അപര്യാപ്തത ഇല്ലാതാക്കുന്നതിനായി പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. പച്ചിലക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെ ദിവസേനയുള്ള വൈറ്റമിന്‍ എയുടെ ആവശ്യകത നിറവേറ്റാം. അമിതമായ വൈറ്റമിന്‍ എ ആഗിരണം മൂലമുള്ള അപകടവശങ്ങള്‍ ഇല്ലാതാക്കാനും ഇതിലൂടെ കഴിയും.

Maintained By : Studio3