മെച്ചപ്പെട്ട രൂപവും ഭാവവും സ്‌പോട്ടിഫൈ ഡെസ്‌ക്‌ടോപ്പ് ആപ്പ് പരിഷ്‌കരിച്ചു
മൊബീല്‍ ആപ്പിന് സമാനമായ പരിഷ്‌കാരങ്ങള്‍ ലഭിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയ മാറ്റം
സ്റ്റോക്ക്‌ഹോം: ഡെസ്‌ക്‌ടോപ്പുകള്‍ക്കും വെബ് ഇന്റര്‍ഫേസിനുമായി ആപ്പ് പരിഷ്‌കരിക്കുന്നതായി സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. ‘മെച്ചപ്പെട്ട രൂപവും ഭാവവും’ കൊണ്ടുവരുന്നതായി കമ്പനി വ്യക്തമാക്കി. കാഴ്ച്ചാ ഭംഗി വര്‍ധിപ്പിക്കുന്നതാണ് പുനര്‍രൂപകല്‍പ്പനയിലൂടെ കൊണ്ടുവന്ന മാറ്റങ്ങള്‍. ആപ്പിനകത്തെ ചില ഫീച്ചറുകള്‍ പുതിയ സ്ഥാനങ്ങളിലേക്ക് മാറി. മൊബീല്‍ ആപ്പിന് സമാനമായ പരിഷ്‌കാരങ്ങള്‍ ലഭിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയ മാറ്റം.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമാണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നതെന്ന് സ്വീഡിഷ് കമ്പനി അറിയിച്ചു. സ്റ്റാറ്റസ് ബാറില്‍ ഇപ്പോള്‍ ‘സെര്‍ച്ച്’ കാണാന്‍ കഴിയില്ല. വശത്തായി ഹോം, യുവര്‍ ലൈബ്രറി എന്നിവയ്ക്കിടയിലാണ് ഇപ്പോള്‍ സെര്‍ച്ച് നല്‍കിയത്. അതേസമയം, ബ്രൗസ്, റേഡിയോ എന്നിവ മുകളിലെ ഇടതുമൂലയിലെ ത്രീ ഡോട്ട് മെനുവില്‍ ഇടംപിടിച്ചു.
പ്ലേലിസ്റ്റുകളിലേക്ക് ട്രാക്കുകള്‍ ചേര്‍ക്കുന്നത് ഇപ്പോള്‍ എളുപ്പമാണ്. ഓരോരുത്തരും സൃഷ്ടിച്ച പ്ലേലിസ്റ്റിലേക്ക് ട്രാക്കുകള്‍ ലളിതമായി ഡ്രാഗ് ചെയ്ത് ഇട്ടാല്‍ മതി. മൊബീല്‍ ഫോണുകളിലേക്ക് പ്ലേലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നതാണ് സ്‌പോട്ടിഫൈ പ്രീമിയം പതിപ്പിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. ഇപ്പോള്‍ ഡെസ്‌ക്‌ടോപ്പിലും ഇതുപോലെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതിനായി ഡൗണ്‍ലോഡ് ബട്ടണ്‍/ഐക്കണ്‍ നല്‍കിയിരിക്കുന്നു. ഡിവൈസുകള്‍ക്ക് അനുസരിച്ച് മെച്ചപ്പെട്ട കീ കോംബിനേഷനുകള്‍ ലഭിച്ചു.
പുനര്‍രൂപകല്‍പ്പന ചെയ്ത ആപ്പ് ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്കായി ഇതിനകം അവതരിപ്പിച്ചുതുടങ്ങി. എന്നാല്‍ എല്ലാവര്‍ക്കും ലഭിച്ചുതുടങ്ങാന്‍ ആഴ്ച്ചകള്‍ എടുക്കും. പിസി ഉപയോഗിക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് സ്റ്റോര്‍ അല്ലെങ്കില്‍ എപ്പിക് ഗെയിംസ് സ്റ്റോറില്‍നിന്ന് പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സ്‌പോട്ടിഫൈ വെബ്‌സൈറ്റില്‍നിന്നാണ് മാക് യൂസര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
മറ്റൊരു വാര്‍ത്തയായി, പുതിയൊരു സാങ്കേതികവിദ്യയ്ക്ക് സ്‌പോട്ടിഫൈ ഈയിടെ പാറ്റന്റ് നേടിയിരുന്നു. വോയ്‌സ് ഡാറ്റ വിശകലനം ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ടെക്‌നോളജി. സ്പീച്ച് റെക്കഗ്‌നിഷന്‍ വഴി ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് ഉപയോക്താക്കളുടെ വൈകാരികസ്ഥിതിയും മനോനിലയും അനുസരിച്ച് സംഗീതം നിര്‍ദേശിക്കാനാണ് സ്‌പോട്ടിഫൈയുടെ പരിപാടി. പുതിയ സംവിധാനം വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഉപയോക്താവിനും അനുസരിച്ച പാട്ടുകള്‍ ശുപാര്‍ശ ചെയ്യും. സംഗീതം, പോഡ്കാസ്റ്റ് ഉള്ളടക്കം, പരസ്യങ്ങള്‍ എന്നിവ ഓരോ യൂസറിനും അനുസരിച്ച് നിര്‍ദേശിക്കും.
ഉപയോക്താവിന്റെ തലയ്ക്കുള്ളില്‍ എന്തെന്ന് അറിയാനാണ് സ്‌പോട്ടിഫൈ ആഗ്രഹിക്കുന്നത്. യൂസറുടെ നിലവിലെ മാനസികാവസ്ഥ, ലിംഗം, പ്രായം എന്നിവ കൂടാതെ ഉച്ചാരണവും വാക്കുകളിലെ ഊന്നല്‍ പോലും സ്പോട്ടിഫൈ വിശകലനം ചെയ്യും. ലഭിക്കുന്ന ശബ്ദത്തിലൂടെ ഏത് ഉള്ളടക്കം ഉപയോക്താവിനെ കേള്‍പ്പിക്കണമെന്ന് നിശ്ചയിക്കാന്‍ ആപ്പിന് കഴിയും.
ഉപയോക്താക്കളുടെ സ്വരഭേദങ്ങള്‍, ഊന്നല്‍ എന്നിവയെല്ലാം മനസ്സിലാക്കാന്‍ പുതിയ സാങ്കേതികവിദ്യയിലൂടെ ആപ്പിന് കഴിയും. ഇതില്‍നിന്ന് സന്തോഷം, ദേഷ്യം, ദുഃഖം, സമചിത്തത ഇവയില്‍ ഏത് അവസ്ഥയിലാണ് യൂസര്‍ എന്ന് ആപ്പ് മനസ്സിലാക്കും. ചുറ്റുപാടുമുള്ള ശബ്ദങ്ങളും സ്‌പോട്ടിഫൈ വിശകലനം ചെയ്യും. വാഹനങ്ങളുടെ ശബ്ദം, മറ്റുള്ളവര്‍ സംസാരിക്കുന്നത്, പക്ഷികള്‍ ചിലയ്ക്കുന്നത്, പ്രിന്റര്‍ പ്രിന്റ് ചെയ്യുന്നത് എന്നിവയെല്ലാം വേര്‍തിരിച്ചറിയും.